കോവിഡില്‍ ഇന്ത്യ പതറുന്നു! കഴിഞ്ഞ 24 മണിക്കൂറില്‍ 11,000ത്തിലധികം രോഗികള്‍; കേന്ദ്രം നീക്കങ്ങള്‍ പാളുന്നു?

ന്യൂഡല്‍ഹി: കോവിഡില്‍ ഇന്ത്യ പതറുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഇരുപതിനാല് മണിക്കൂറിനിടെ 11,000ത്തിലധികം പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്ന് 3,08,993 ആയി. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളുടെ പരാജയമാണെന്ന തരത്തിലുള്ള വിമര്‍ശനവും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.

കോവിഡ്-19 നിയന്ത്രണ വിധേയമാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന് നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണുണ്ടായത്. തുടര്‍ച്ചയായ രണ്ടാം ദിവസം 10,000ത്തില്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് (ജൂണ്‍ 13) രാവിലെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 24 മണിക്കൂറിനിടെ പുതുതായി 11,458 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു.

1,14,779 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 154,330 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 386 മരണം സ്ഥിരീകരിച്ചു. കോവിഡ് മരണസംഖ്യ ഇതോടെ 8,884 ആയി ഉയര്‍ന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡുണ്ടാക്കിയ പ്രതിസന്ധിയിലും വലിയ വിപത്തായിരിക്കും ഇന്ത്യയെ കാത്തിരിക്കുന്നതെന്നാണ് വിദഗദ്ധരുടെ അഭിപ്രായം. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നയങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷവും പാളിയതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചിരുന്നു.

രോഗികളുടെ എണ്ണം കുറയാതെ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് രാജ്യത്തിന് തിരിച്ചടിയാകുമെന്നും ബിജെപി ഇതര നേതാക്കള്‍ ആവര്‍ത്തിക്കുയും ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുന്നത് വരെ കാത്തിരിക്കാതെ കേന്ദ്രം ഇളവുകള്‍ പ്രഖ്യാപിച്ചു. ഇത് പല മേഖലയെയും പ്രതിസന്ധിയിലാക്കി. ലോക്ഡൗണ്‍ തുടങ്ങുമ്പോള്‍ ഇന്ത്യയിലെ 419 ജില്ലകളില്‍ കോവിഡ് വ്യാപനമുണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ കോവിഡില്ലാത്ത ജില്ലകളുടെ എണ്ണം 49 ആയി ചുരുങ്ങി.

ലോക്ഡൗണ്‍ വീണ്ടും പ്രഖ്യാപിക്കണമെന്നാണ് കേന്ദ്രത്തോട് പല സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നത്. രോഗികളുടെ എണ്ണത്തിലണ്ടാകുന്ന വര്‍ദ്ധനവ് അനുദിനം കാര്യങ്ങളെ സങ്കീര്‍മാക്കുമെന്നും വിദ്ഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.