പ്രവാസികളുടെ കോവിഡ് പരിശോധന നിര്‍ബന്ധമെങ്കില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ട് സൗകര്യമൊരുക്കണം; അബ്രഹാം ജോണ്‍

മനാമ: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിേേശാധന നിര്‍ബന്ധമാണെങ്കില്‍ ഇതിനായി സര്‍ക്കാര്‍ സംവിധാനമൊരുക്കണമെന്ന് മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അബ്രഹാം ജോണ്‍. പരിശോധന നിര്‍ബന്ധമാക്കുകയാണെങ്കില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ഇതിനുള്ള സൗകര്യങ്ങളൊരുക്കണം. തികച്ചും സൗജന്യമായി പരിശോധന നടത്താന്‍ സജ്ജീകരണങ്ങളൊരുക്കിയാല്‍ പ്രവാസികള്‍ക്ക് ഇത് ഗുണകരമാവുമെന്നും അബ്രഹാം ജോണ്‍ ചൂണ്ടിക്കാണിച്ചു.

സൗജന്യ പരിശോധന നിലവിലെ പ്രതികൂല സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും അബ്രഹാം ജോണ്‍ വ്യക്തമാക്കുന്നു. ഇതിനായി കൂടുതൽ ചാർട്ടേഡ് ഫ്ലൈറ്റുകൾ പുറപ്പെടുന്ന രാജ്യങ്ങളിൽ പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കാൻ സർക്കാർ തയ്യാറാവണം. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തുന്നവര്‍ക്ക് പേടി കൂടാതെ കഴിയാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് ജൂണ്‍ 20 മുതല്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാണ്. സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കണമെങ്കില്‍ വലിയ തുക നല്‍കേണ്ടതായിട്ടുണ്ട്. കൂടാതെ പ്രായോഗിക ബുദ്ധിമുട്ടുകളും തടസം നില്‍ക്കുന്നു. ഉത്തരവ് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നതെന്നാണ് പ്രവാസി സംഘടനകള്‍ വ്യക്തമാക്കുന്നത്.