കോവിഡ്-19; ഇന്നലെ മാത്രം ഗള്‍ഫില്‍ മരണപ്പെട്ടത് ആറ് മലയാളികള്‍

മനാമ: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ മാത്രം കോവിഡ്-19 ബാധയേറ്റ് മരണപ്പെട്ടത് ആറ് മലയാളികള്‍. സൗദി അറേബ്യയില്‍ അഞ്ച് പേരും യു.എ.ഇയില്‍ ഒരാളുമാണ് മരണപ്പെട്ടത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ്-19 ബാധിച്ച് മരണപ്പെടുന്ന കേരളീയരുടെ എണ്ണം 200 കടന്നു. സൗദി അറേബ്യയില്‍ മാത്രം 66 പ്രവാസി മലയാളികളാണ് രോഗബാധയേറ്റ് മരണത്തിന് കീഴടങ്ങിയത്.

കൊല്ലം മയ്യനാട് താന്നി സ്വദേശി വിക്ടര്‍ ഷാജി(55), കൊല്ലം വടക്കേവിള പള്ളിമുക്ക് സ്വദേശി ഞാറക്കല്‍ തെക്കേതില്‍ സൈനുല്‍ ആബിദീന്‍ (60), പാലക്കാട് പള്ളിപ്പുറം പെഴുങ്കര സ്വദേശി സി.ടി സുലൈമാന്‍(63), കോഴിക്കോട് നടുവണ്ണൂര്‍ മന്ദങ്കാവില്‍ കുന്നങ്കണ്ടി മേലേടുത്ത് രാമചന്ദ്രന്‍(63), കോഴിക്കോട് കൊടുവള്ളി സ്വദേശിയായ സാബിര്‍(23), പത്തനംതിട്ട മഞ്ഞിനിക്കര സ്വദേശി വടക്കേ തോണ്ടലില്‍ ജോസ് പി മാത്യു(57) എന്നിവരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ട മലയാളികള്‍.

പ്രവാസി മലയാളികള്‍ മടങ്ങുന്നതിന് മുന്‍പ് കോവിഡ് പരിശോധന നിര്‍ഡബന്ധമാക്കിയതോടെ തിരികെയെത്താന്‍ ബുദ്ധിമുട്ടുകയാണ് മിക്കവരും. ഗള്‍ഫിലെ കോവിഡ്-19 മരണസംഖ്യ ഉയരുന്നതും വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.