ന്യൂഡല്‍ഹി: കോവിഡ് 19ന്റെ പുതിയ ലക്ഷണങ്ങള്‍ രുചിയും മണവും തിരിച്ചറിയാനാകാത്തതാണെന്ന് ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം. പനി, ചുമ, ശ്വാസതടസ്സം, ക്ഷീണം, തൊണ്ടവേദന, വയറിളക്കം, മ്യാല്‍ജിയ, റിനോറിയ എന്ന ലക്ഷണങ്ങള്‍ ആണ് സാധാരണയായി കോവിഡ് രോഗബാധയുള്ളവരില്‍ കണ്ടുവരുന്നത്. എന്നാല്‍ അതിനു പുറമെ രുചിയും മണവും തിരിച്ചറിയാനാകുന്നില്ല എന്ന് രോഗികള്‍ക്ക് അനുഭവപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗ പ്രതിരോധ ശേഷി കുറഞ്ഞ രോഗികള്‍ക്കാണ് കൂടുതലും ക്ഷീണം, വിശപ്പ് കുറയല്‍, വിഭ്രാന്തി, പനി, ചലന ശേഷികുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവുക. കുട്ടികളില്‍ ഇത്തരം ലക്ഷണങ്ങള്‍ക്ക് സാധ്യത വളരെ കുറവാണ്. എന്നാല്‍ ശ്വസനവ്യവസ്ഥയെ ബാധിക്കുന്നതിന് മുന്നെ നാഡീവ്യവസ്ഥയെ കോവിഡ് ബാധിക്കുന്നുണ്ടെന്ന് അമേരിക്കയിലെ നോര്‍ത്ത്വെസ്റ്റേണ്‍ യൂണിവഴ്സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നു.
കോവിഡ് ബാധിതരായി ആശുപത്രിയിലെത്തിച്ച രോഗികളില്‍ പകുതിയും നാഡീസംബന്ധമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. തലേവദന, മന്ദത, ശ്രദ്ധക്കുറവ്, പേശീവേദന, ഗന്ധം, രുചി പോലുള്ളവ തിരിച്ചറിയാനുള്ള പ്രയാസം തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്നവരായിരുന്നു രോഗികളേറെയുമെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്‍ മേധാവി ഡോ. ഇഗോര്‍ കോറല്‍നിക് പറയുന്നു. രോഗം കൂടുന്നതനുസരിച്ച് നാഡീസംവിധാനത്തെ പൂര്‍ണമായും ബാധിക്കാനുള്ള സാധ്യതയുണ്ട്.