പ്രവാസികളെ സംസ്ഥാന സർക്കാർ ശത്രുക്കളെ പോലെ കാണുന്നു: ഒഐസിസി ബഹ്റൈൻ

മനാമ: കേരളത്തിൽ തിരിച്ചെത്തുവാൻ ആഗ്രഹിക്കുന്ന പ്രവാസികളെ ശത്രുക്കളെ പോലെയാണ് സംസ്ഥാന സർക്കാർ കാണുന്നത് എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. അതിന് വേണ്ട പിന്തുണയാണ് കേന്ദ്ര സർക്കാർ നൽകുന്നത്.ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ എങ്ങും ഇല്ലാത്ത ഒരു കീഴ് വഴക്കം കേരളത്തിൽ തുടങ്ങുന്നത് സംസ്ഥാന സർക്കാരിന് പ്രവാസികൾ തിരിച്ചു വരുന്നതിൽ ഉള്ള അനിഷ്ടം മനസ്സിലാകും.  കഴിഞ്ഞ മൂന്നര മാസക്കാലമായി നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അതിന് അവസരം ലഭിക്കാതെ വന്നപ്പോൾ ആണ് പ്രവാസി സംഘടനകൾ ചാർട്ടേഡ് ഫ്ലൈറ്റ് എന്ന ആശയവുമായി വന്നത്. തിരികെ വരാൻ ആഗ്രഹിക്കുന്ന എല്ലാ ആളുകൾക്കും വന്ദേ ഭാരത് മിഷൻ പ്രകാരം യാത്ര ക്രമീകരിച്ചാൽ  കോവിഡ് ടെസ്റ്റ്‌ ഇല്ലാതെ നാട്ടിൽ എത്താം. അതിന് ആവശ്യമായ ഫ്ലൈറ്റ്  ലഭ്യമാക്കാൻ  ശ്രമിക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ സംശയത്തിന് ഇടനൽകുന്ന വിഷയമാണ്. പ്രവാസികൾക്ക് യാത്രക്ക് മുൻപ് 48 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന സർട്ടിഫിക്കേറ്റ് ലഭിക്കുക എന്നുള്ളത് സാധ്യമല്ല. അഥവാ സംസ്ഥാന സർക്കാരിന് തിരികെ വരുന്ന ആളുകൾ എല്ലാം രോഗികൾ ആണെന്ന് സംശയം ഉണ്ടെങ്കിൽ നോർക്കയുടെ ആഭിമുഖ്യത്തിൽ പരിശോധന നടത്താം. ഇതിന് സംസ്ഥാന സർക്കാരിന്റെ കൈയിൽ പണം ഇല്ലെങ്കിൽ തുറന്നു പറയാൻ തയാറാകണം. തുറന്നു പറഞ്ഞാൽ കേരളത്തിലെ പത്തൊൻപത് എം പി  മാരും,  യു ഡി എഫ് എം എൽ എ മാരും തങ്ങളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ആവശ്യമായ തുക സംഭാവന ചെയ്യാൻ തയാറാണ്. ഇത് ഉപയോഗിച്ച് എയർപോർട്ടിൽ വരുന്ന എല്ലാ  ആളുകളെയും പരിശോധിക്കുന്നതിന് ആരും എതിരല്ല. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ സംസ്ഥാനസർക്കാരിന് പ്രവാസികളുടെ തിരിച്ചു വരവിൽ ഉള്ള നിലപാട് വ്യക്തമായതായി ഒഐസിസി ദേശീയ കമ്മറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു.