സുശാന്ത് സിംഗിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം; കൊലപാതകമാണെന്ന് ആരോപണം

മുംബൈ: ബോളിവുഡ് യുവ നടന്‍ സുശാന്ത് സിംഗിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബാഗങ്ങള്‍. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും, ഇത് കൊലപാതകമാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. പൊലീസ് മുറിയില്‍ നടത്തിയ പരിശോധനയില്‍ സുശാന്ത് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. അദ്ദേഹം കഴിഞ്ഞ ആറുമാസമായി കടുത്ത വിഷാദരോഗത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വ്യക്തമാക്കുന്നുമുണ്ട്.

എന്നാല്‍ സുഷാന്തിന് ആത്മഹത്യ ചെയ്യാന്‍ പാകത്തിലുള്ള വിഷമങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ലെന്നും ദുരൂഹതയുണ്ടെന്നും കുടുംബം പറയുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും ആത്മഹത്യ ശരിവെക്കുന്നതാണ്. ആത്മഹത്യാക്കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നറിയാനായി ആന്തരികവയവങ്ങള്‍ വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് സിനിമാലോകത്തേയും ആരാധകരേയും ഞെട്ടിച്ചുകൊണ്ട് നടന്റെ മരണ വാര്‍ത്ത പുറത്തുവന്നത്. മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കോവിഡ് പരിശോധനകള്‍ക്ക് ശേഷം ഇന്ന് സംസ്‌കരിക്കും.