മനാമ: കൊറോണക്കാലത്ത് ബഹ്‌റൈനിലെ സ്മാര്‍ട്ട് ഫോണുകളെ ലക്ഷ്യവെച്ച് നടന്നത് ഏകദേശം 5,000 സൈബര്‍ ആക്രമണങ്ങള്‍. മള്‍ട്ടിനാഷണല്‍ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ക്യാസ്‌പെസ്‌കിയാണ് (kaspersky) ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം സ്മാര്‍ട്ട് ഫോണുകളെ ലക്ഷ്യം വെച്ച് ഗുരുതര വൈറസ് അറ്റാക്കുകളുണ്ടായതായി കമ്പനിയുടെ പഠനം വ്യക്തമാക്കുന്നു.
ഇന്റര്‍നെറ്റിന്റെ അനന്ത സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് സ്മാര്‍ട്ട് ഫോണുകളിലേക്കോ കമ്പ്യൂട്ടറുകളിലേക്കോ നുഴഞ്ഞു കയറുന്ന വൈറസുകള്‍, ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ എന്നിവയ്ക്ക് കേടുപാടുകള്‍ ഉണ്ടാക്കിയേക്കാം. ഫോണുകളുടെ സുരക്ഷാപിഴവുകള്‍ മനസിലാക്കിയാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്. വിശ്വാസ യോഗ്യമല്ലാത്ത യാതൊരു സന്ദേശങ്ങള്‍ക്കും മറുപടി നല്‍കാതിരിക്കുന്നത് നമ്മുടെ ഫോണുകളിലേക്ക് ഹാക്കര്‍മാര്‍ക്കോ വൈറസുകള്‍ക്കോ പ്രവേശനം നിഷേധിക്കാന്‍ ഒരു പരിധി വരെ സഹായിക്കും.