bahrainvartha-official-logo

കോവിഡ് പരിശോധന നിര്‍ബന്ധമാക്കി പ്രവാസികളെ ഇനിയും പ്രതിസന്ധിയിലേക്ക് തള്ളിവിടരുത്; ഇന്‍ഡക്‌സ് ബഹ്‌റൈന്‍

fight1

മനാമ: കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി പ്രവാസികളെ ഇനിയും പ്രതിസന്ധിയിലേക്ക് തള്ളിവിടരുതെന്ന് ഇന്‍ഡക്‌സ് ബഹ്‌റൈന്‍. ജൂണ്‍ 20 മുതല്‍ കേരളത്തിലേക്കെത്തുന്ന പ്രവാസികള്‍ നിര്‍ബന്ധമായും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്ന ശാഠ്യത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും ഇന്‍ഡക്‌സ് ബഹ്‌റൈന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കോവിഡ്-19 ഫ്രീ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമെ നാട്ടിലേക്ക് യാത്ര ചെയ്യാന്‍ താല്‍ക്കാലികമായി അനുമതി നല്‍കുകയുള്ളുവെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവിന് പിന്നാലെ പ്രതിഷേധവുമായി പ്രവാസി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.

ഇന്‍ഡക്‌സ് ബഹ്‌റൈന്‍ വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം

സാമ്പത്തികവും മാനസികവും ആയി ഏറെ പ്രയാസപ്പെട്ടാണ് ഓരോ പ്രവാസിയും ചാര്‍ട്ടേഡ് വിമാനങ്ങളിലായാലും വന്ദേ ഭാരത് മിഷന്‍ വിമാനങ്ങളിലായാലും ഇപ്പോള്‍ നാട്ടിലേക്ക് വിമാനം കയറുന്നത്. ടെസ്റ്റുകള്‍ നടത്തുവാന്‍ വേണ്ടി വരുന്ന സമയവും സാമ്പത്തിക പ്രയാസവും വലിയ മനഃപ്രയാസമാണ് ഉണ്ടാക്കിയിട്ടുള്ളത്. ദിവസങ്ങളോളം കാത്തിരുന്നതിനു ശേഷമാണ് പലര്‍ക്കും ടെസ്റ്റുകള്‍ ചെയ്യുവാനുള്ള അവസരം തന്നെ ലഭിക്കുന്നത്. താങ്ങാനാവാത്ത ചാര്‍ജുമാണ് പ്രൈവറ്റ് ആശുപത്രികള്‍ ഈടാക്കുന്നത്.

ഗവണ്‍മെന്റ് സംവിധാനത്തില്‍ ചെയ്യുവാന്‍ ദിവസങ്ങള്‍ കാത്തിരിക്കണം. നെഗറ്റീവ് സെര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ എന്ന സ്ഥിതിയാണ് ഉണ്ടാവാന്‍ പോവുന്നത്. കാരണം പല ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും പോവുന്നതിനു തൊട്ടടുത്ത ദിവസങ്ങളില്‍ മാത്രമാണ് യാത്രാ അനുമതി ലഭിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളെന്ന പദ്ധതികള്‍ മുഴുവനായും നിര്‍ത്തിവെക്കേണ്ടിവരുന്ന അവസ്ഥവരെ ഉണ്ടായേക്കാം.

ചുരുങ്ങിയ ചിലവില്‍ കോവിഡ് ടെസ്റ്റ് നടത്തിക്കിട്ടുവാന്‍ പല സ്വകാര്യ ആശുപത്രികളുമായും പ്രവാസി സംഘടനകള്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അതിന്റെ സാധ്യതകള്‍ അതിവിദൂരമാണ്. ഗവണ്‍മെന്റ് തലത്തിലുള്ള ചില തീരുമാനങ്ങള്‍ അതില്‍ ഉണ്ടാവേണ്ടതുണ്ട്. ഓരോ ഇന്ത്യാക്കാരനും ഇവിടെ എംബസ്സിയുടെ നേതൃത്വത്തില്‍ ആശുപത്രികളുമായി സഹകരിച്ച് ടെസ്റ്റുകള്‍ നടത്തികൊടുക്കുവാന്‍ കഴിയും. അത്തരം ഒരു ശ്രമം നടത്തിയതിനു ശേഷമാവേണ്ടിയിരുന്നു കോവിഡ് ഫ്രീ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന ഉത്തരവ് പുറപ്പെടുവിക്കേണ്ടിയിരുന്നത്.

റാപ്പിഡ് ടെസ്റ്റുകള്‍ ചെയ്യുവാന്‍ വിദേശകാര്യ മന്ത്രാലയുമായി ആലോചിച്ച് ചെയ്യുവാന്‍ ഉള്ള സൗകര്യം സര്‍ക്കാര്‍ തന്നെ ചെയ്യുകയും അതിനുള്ള സാമ്പത്തിക ചിലവ് വഹിക്കുകയും വേണം. ഗവണ്‍മെന്റ് തലത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായാല്‍ തീര്‍ച്ചയായും ഗള്‍ഫിലെ ഭരണാധികാരികളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. കൊറോണകാലം ആരംഭിച്ചത് മുതല്‍ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ചത് മരുന്നുകള്‍ വാങ്ങിക്കുവാനാണ്. അത്രമാത്രം മാനസിക സമര്‍ദ്ദങ്ങളാണ് ഓരോരുത്തരും അനുഭവിക്കുന്നത്. പിറന്ന മണ്ണും സര്‍ക്കാരും കൂടെയുണ്ടെന്ന ആശ്വാസമായിരുന്നു നാളിതുവരെയും. അത്തരം പ്രതീക്ഷകള്‍ക്കാണ് ഇപ്പോള്‍ തടസ്സമുണ്ടായിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഒരുപോലെ സ്വന്തം പ്രജകളുടെ ക്ഷേമത്തിനും ജീവിതത്തോട് മല്ലടിക്കുന്ന അവരൊപ്പം നില്‍ക്കുകയുമാണ് വേണ്ടത്. പ്രവാസികളാരും സ്വന്തം നാടിനെ മറന്നല്ല ജീവിക്കുന്നത്. സ്വന്തം നാടിനെ നെഞ്ചോടു ചേര്‍ത്താണ് ഒരു പ്രവാസിയും കഴിയുന്നത്. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാരുകള്‍ക്ക് എന്നും പ്രവാസികള്‍ കറവപ്പശുക്കള്‍ മാത്രമാണ് എന്നതാണ് ദുഃഖ സത്യം. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്നു പ്രവാസികള്‍ ഒരുമിക്കുവാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ മനസിലാക്കുന്നത് നന്നായിരിക്കുമെന്ന് ഈ ഘട്ടത്തില്‍ ഓര്‍മ്മപ്പെടുത്തുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!