കൊച്ചി: തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി (കെ.ആര്‍. സച്ചിദാനന്ദന്‍) അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് രാത്രിയോടെ അന്ത്യം സംഭവിച്ചു. നാളെ മൃതദേഹം രവിപുരം ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ശസ്ത്രക്രിയക്ക് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതോടെയാണ് ആരോഗ്യനില ഗുരുതരമായത്. വെന്റീലേറ്ററിന്റെ സഹായത്തോടെയാണ് ഏതാനും ദിവസങ്ങളായി ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്‌സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
ചോക്ലേറ്റ് എന്ന ബോക്‌സോഫീസ് ഹിറ്റ് ചിത്രത്തിന് തിരക്കഥ രചിച്ചുകൊണ്ടാണ് സച്ചി മലയാള സിനിമയിലേക്ക് എത്തുന്നത്. രാമലീല, അയ്യപ്പനും കോശിയും തുടങ്ങി പന്ത്രണ്ടോളം സിനിമകളുടെ തിരക്കഥാകൃത്താണ് സച്ചി. 2015 ല്‍ ഇറങ്ങിയ അനാര്‍ക്കലിയാണ് അദ്ദേഹം ആദ്യം സംവിധാനം ചെയ്ത സിനിമ.