മാനമ: കേരളീയ സമാജം ചാര്‍ട്ടേഡ് വിമാനങ്ങളിലെ ഷെഡ്യൂള്‍ നീളാന്‍ സാധ്യത. നാട്ടിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിറുത്തിവെക്കാന്‍ ബഹുമാനപ്പെട്ട എംബസി എയര്‍ലൈനുകളോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സമാജത്തിന്റെതടക്കം സംഘടനകള്‍ ചാര്‍ട്ടേഡ് ചെയ്ത വിമാന യാത്രകള്‍ അനിശ്ചിതത്തിലായിരിക്കുന്നത്. കൃത്യമായ അറിയിപ്പ് ലഭിച്ചാലുടന്‍ യാത്രക്ക് രജിസ്റ്റര്‍ ചെയ്തവരെ അറിയിക്കുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും വ്യക്തമാക്കി.
കേരളീയ സമാജം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ്
കോവിഡ് രോഗവ്യാപനത്തിന്റെ അടിയന്തിര സാഹചര്യം പരിഗണിച്ചും രോഗികളും ജോലി നഷ്ടപ്പെട്ട ഹതാശരായ സഹജീവികളുടെയും നിരന്തരമായ അഭ്യാര്‍ത്ഥന മാനിച്ചാണ് ബഹ്‌റൈന്‍ കേരളീയ സമാജം ബദല്‍ യാത്രാമാര്‍ഗ്ഗമായ ചാര്‍ട്ടേഡ് വിമാന സര്‍വ്വീസ് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ നാലു വിമാനങ്ങളും രണ്ടാം ഘട്ടത്തില്‍ രണ്ട് വിമാനങ്ങളും വിജയകരമായി സര്‍വീസ് നടത്താന്‍ കഴിഞ്ഞു. ആയിരത്തിലധികം പ്രവാസികളെ ഇതിനകം സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ട്.
അപ്രതീക്ഷിതമായ കാരണങ്ങളാല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നാട്ടിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിറുത്തിവെക്കാന്‍ ബഹുമാനപ്പെട്ട എംബസി എയര്‍ലൈനുകളോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സമാജത്തിന്റെതടക്കം സംഘടനകള്‍ ചാര്‍ട്ടേഡ് ചെയ്ത വിമാന യാത്രകള്‍ അനിശ്ചിതത്തിലായിരിക്കുന്നത്.
റീ ഷെഡ്യൂള്‍ ചെയ്യുന്ന വിമാന സര്‍വ്വിസിന് വീണ്ടും അനുമതിക്കായി പുതിയ അപേക്ഷ സമര്‍പ്പിക്കണമെന്നാണ് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ ചട്ടം. ഇന്ത്യയിലെ വിദേശകാര്യ വകുപ്പ്, വ്യോമയാന വകുപ്പ്, എയര്‍പ്പോര്‍ട്ട് അതോറിട്ടറി, ബഹ്‌റൈനിലെ മിനിസ്ട്രി ഓഫ് ഫോറിന്‍ അഫയേഴ്സ്സ്, ഗള്‍ഫ് എയര്‍ എന്നിവക്ക് വീണ്ടും അപേക്ഷ നല്‍കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. അഞ്ച് ദിവസത്തോളമാണ് സാധാരണ പ്രോസസ്സിങ്ങ് ആവശ്യങ്ങള്‍ക്ക് ആവശ്യം വരാറുള്ളത്.
ഇരുപത്തി മൂന്നാം തിയ്യതിക്ക് ശേഷം യാത്രാനുമതി ലഭിച്ചാലുടനെ നിങ്ങളുടെ യാത്ര തിയ്യതി തീരുമാനിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ മേസേജായും ഫോണ്‍ മുഖേനയും നിങ്ങളെ അറിയിക്കുന്നതാണ്. നാട്ടിലേക്കുള്ള യാത്ര പരാമാവധി വേഗത്തില്‍ സാധ്യമാക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, സമാജത്തിന്റെതല്ലാത്ത കാരണങ്ങള്‍ കൊണ്ട് ഉണ്ടായ ഈ തടസ്സങ്ങള്‍ മാറ്റി കിട്ടാന്‍ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും പരാമാവധി ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. സുതാര്യമായും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കുന്ന സമാജം ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് ടീമിന് നിങ്ങള്‍ നല്‍കുന്ന പിന്തുണക്ക് നന്ദി