സര്‍ക്കാര്‍ പ്രവാസികളുടെ മടക്കത്തിന് തുരങ്കം വെക്കുന്നു; കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ച് ചെന്നിത്തല നിരാഹാര സമരത്തില്‍ 

തിരുവനന്തപുരം: തിരികെ വരുന്ന പ്രവാസികള്‍ക്ക് കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഈ നിലപാട് മാറ്റണമെന്നും പ്രവാസികളെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരത്തിലാണ് ചെന്നിത്തല. രാവിലെ 9 മണിക്കാണ് സമരം ആരംഭിച്ചത്.

ഗള്‍ഫില്‍ കുടുങ്ങി കിടക്കുന്ന എല്ലാ പ്രവാസികളും രോഗവാഹകരാണെന്ന ഇരു സര്‍ക്കാരിന്റേയും നിലപാട് വ്യക്തമാക്കുന്നത് കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും പ്രവാസികള്‍ നാട്ടിലേക്ക് വരേണ്ടതില്ല എന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്ന് ചെന്നിത്തല പറഞ്ഞു. അതേസമയം പ്രവാസി സംഘടനകളായ കെഎംസിസി, ഇന്‍കാസ്, ഒഐസിസി, ശക്തി, ബഹറൈന്‍ മലയാളി സമാജം എന്നിവരുടെ പ്രയത്നത്തിനെതിരെ നില്‍ക്കുന്ന നിലപാടാണ് കേരള സര്‍ക്കാരിന്റേതെന്നും ചെന്നിത്തല ആരോപിച്ചു.

ഗള്‍ഫില്‍ ആയിരക്കണക്കിനു പ്രവാസികളാണ് നാട്ടില്‍ വരാനാകാതെ വിവിധ ലേബര്‍ ക്യാംപുകളില്‍ കുടുങ്ങികിടക്കുന്നതെന്നും. വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും കോവിഡ് പോസിറ്റീവ് ടെസ്റ്റ് വേണമെന്ന തീരുമാനം അവരെ പ്രതിസന്ധിയിലാക്കിയെന്നും ചെന്നിത്തല പറഞ്ഞു. വന്ദേഭാരത് വിമാനങ്ങള്‍ കൃത്യമായ രീതിയില്‍ സര്‍വ്വീസ് നടത്തിയിരുന്നുവെങ്കില്‍ കൂടുതല്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങിയെത്താമായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.