കേരള സര്‍ക്കാര്‍ പ്രവാസികളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നു; സംസ്‌കൃതി ബഹ്‌റൈന്‍

മനാമ: കേരള സര്‍ക്കാര്‍ പ്രവാസികളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നുവെന്ന് സംസ്‌കൃതി ബഹ്‌റൈന്‍. കൊറോണ വൈറസ് വിതച്ച ദുരിതം പേറുന്ന ഗള്‍ഫ് പ്രവാസികളുടെ മുഖത്തെ കനത്ത പ്രഹരമാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന സര്‍ക്കാര്‍ നടപടി. അങ്ങേയറ്റം ദുരിതം അനുഭവിക്കുന്നവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുക എന്ന ദൗത്യവുമായി അഹോരാത്രം പണിയെടുക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണെന്നും സംസ്‌കൃതി ബഹ്‌റൈന്‍ ചൂണ്ടിക്കാണിച്ചു.

തികച്ചും പ്രതിഷേതാത്മ്ക നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ബഹ്‌റൈനിലെ സ്വകാര്യ ആശുപത്രികളില്‍ വലിയ തുക ഈടാക്കിയാണ് കോവിഡ്-19 പരിശോധന നടത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത്രയും വലിയ തുക പ്രവാസികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും സംസ്‌കൃതി ബഹ്‌റൈന്‍ ചൂണ്ടിക്കാണിച്ചു.

പ്രവാസികളോട് കാണിക്കുന്ന നിസംഗമായ നിലപാട് പിന്‍വലിച്ച് അവര്‍ക്ക് സുഗമമായി യാത്രചെയ്ത് നാട്ടിലെത്താന്‍ വേണ്ട എല്ലാ പിന്തുണയും, സഹായവും നല്‍കണമെന്നും സംസ്‌കൃതി ബഹ്റൈന്‍ പ്രസിഡന്റ് ശ്രീ സുരേഷ് ബാബു, ജനറല്‍ സെക്രട്ടറി ശ്രീ. പ്രവീണ്‍ നായര്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.