ഗുരുതരം; ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 336 കോവിഡ് മരണം, 13,586 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 13,586 പുതിയ കോവിഡ് കേസുകള്‍. 336 പേരാണ് കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 3,80,532 ആയി. ഇതുവരെ 12,573 മരണപ്പെടുകയും 2,04,711 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു.

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ ദിനം പ്രതിയുള്ള വര്‍ദ്ധനവ് ആശങ്കക്കിടയാക്കുന്നുണ്ട്. മഹാരാഷ്ട്രക്കും ഡല്‍ഡിക്കുമൊപ്പം ഹരിയാനയിലും കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ അപകടാവസ്ഥയിലേക്കെത്തിക്കുകയാണ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ വിദ്യഭ്യാസ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ മരണ നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് തമിഴ്നാട്ടില്‍ റിപ്പേര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം കേരളത്തില്‍ ഇന്നലെ (ജൂണ്‍ 18) 97 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 11 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 89 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.