ജൂണ്‍ 25 വരെ ഗള്‍ഫില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയ തീരുമാനം ഉടന്‍ നടപ്പിലാക്കില്ലെന്ന് കേരളം. ജൂണ്‍ 25 വരെ പരിശോധന നിര്‍ബന്ധമാക്കില്ല. ഗള്‍ഫില്‍ റാപ്പിഡ് പരിശോധനയ്ക്കുള്ള സൗകര്യങ്ങളേര്‍പ്പെടുത്താന്‍ സംസ്ഥാനം ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുന്നത് വരെ നിര്‍ബന്ധിത പരിശോധന ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. നേരത്തെ ജൂണ്‍ 20(നാളെ) മുതല്‍ ഗള്‍ഫില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നായിരുന്നു തീരുമാനം.

ജൂൺ 25നുള്ളിൽ വിമാന കമ്പനികളും എംബസിയുമായി സഹകരിച്ച് ട്രൂനാറ്റ് സംവിധാനം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. നേരത്തെ കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയത്തിൽ നിരാഹര സമരവും ആരംഭിച്ചിരുന്നു. പിന്നാലെയാണ് ഉത്തരവ് ദീർഘിപ്പിച്ചുകൊണ്ട് സംസ്ഥാ സർക്കാർ രം​​ഗത്ത് വന്നത്.

കോവിഡ് രോ​ഗികളെയും മറ്റുള്ളവരെയും ഒന്നിച്ച് ഒരേ വിമാനത്തിൽ കൊണ്ടുവരാനാകില്ലെന്നും പ്രവാസികളുടെ സുരക്ഷ കണക്കിലെടുത്ത് യാത്രക്ക് മുൻപ് പരിശോധന നടത്തണമെന്നുമാണ് സർക്കാർ നൽകിയ വിശദീകരണം. കൊവിഡ് പരിശോധനയ്ക്കായി സൗകര്യങ്ങളില്ലാത്ത ​ഗൾഫ് രാജ്യങ്ങളിൽ ട്രൂനാറ്റ് കിറ്റ് എത്തിക്കാനും സർക്കാർ നടപടികൾ തുടങ്ങിയിട്ടുണ്ട്.

അതേസമയം നിലവിലെ സാഹചര്യത്തിൽ 48 മണിക്കൂർ മുൻപ് കോവിഡ് പരിശോധന നടത്തുന്നത് പ്രായോ​ഗികമല്ലെന്നാണ് പ്രവാസി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്. പരിശോധനയ്ക്കായി വലിയ തുകയും ചിലവഴിക്കേണ്ടി വരുന്നതിനാൽ പ്രവാസികൾക്ക് ഇത് ഇരുട്ടടിയാകുമെന്നും സംഘടനകൾ വ്യക്തമാക്കുന്നു.