കോവിഡില്‍ ആശങ്ക വര്‍ദ്ധിക്കുന്നു; ഇന്ത്യയില്‍ രോഗികളുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു, 24 മണിക്കൂറിനിടെ 15,413 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: കോവിഡ് ആശങ്ക മാറാതെ ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,413 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. രോഗം പടരുന്നത് അതിവേഗമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ടു ലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷമാകാന്‍ പത്തു ദിവസമെടുത്തപ്പോള്‍ മൂന്നു ലക്ഷത്തില്‍ നിന്ന് നാലു ലക്ഷമാകാനെടുത്തത് എടുത്തത് എട്ടു ദിവസം മാത്രമാണ്. രാജ്യത്ത് ഇതുവരെ 4,10,461 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1,69,451 പേര്‍ ചികിത്സയില്‍ തുടരുകയാണ്.

ഇന്നലെ മാത്രം 306 പേരാണ് കോവിഡ് ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്. ഇന്നലെ മാത്രം ഡല്‍ഹിയില്‍ 3630 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 56,746 ആയി. തുടര്‍ച്ചയായി രണ്ടാം ദിവസവും രോഗികളുടെ എണ്ണം മൂവായിരം കടന്ന സാഹചര്യമാണ്. 77 പേര്‍ മരിച്ചു. ഇതുവരെ 2112 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധയേറ്റ് മരണപ്പെട്ടിരിക്കുന്ന്

അതേസമയം രോഗമുക്തരാവുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവുണ്ട്. കേരളത്തിലെയും സ്ഥിതിഗതികള്‍ ഗൗരവമേറിയതാണ്. ഇന്നലെ 127 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടുതല്‍ കേസുകളാണിത്. കൊല്ലം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, തിരുവനന്തപുരം, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത് .