ബഹ്റൈൻ വാർത്ത ഇംപാക്ട്: പക്ഷാഘാതം തളര്‍ത്തിയ മണികണ്ഠന്‍ ദുരിത പ്രവാസത്തിൽ നിന്നും തുടര്‍ ചികിത്സകള്‍ക്കായി ഇന്ന് ജന്മനാട്ടിലേക്ക്

മനാമ: പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായ തിരുവനന്തപുരം പാറശ്ശാല പൊഴിയൂര്‍ ഉച്ചക്കട സ്വദേശി മണികണ്ഠന്‍ സുമനസുകളുടെ സഹായത്തോടെ നാട്ടിലേക്ക്. ഇന്ന്, ജൂൺ 21ന് ബഹ്റൈനിൽ നിന്നും തിരുവനന്തപുരത്തേക്ക് 11:30 ന് പുറപ്പെടുന്ന എയർ ഇന്ത്യയുടെ റീപാട്രീഷന്‍ വിമാനത്തിലാണ് മണികണ്ഠൻ യാത്രയാവുന്നത്. ഏകദേശം ഒന്നരയാഴ്ച മുന്‍പാണ് ബഹ്‌റൈനില്‍ സ്വകാര്യ കമ്പനിയിലെ നിര്‍മ്മാണ തൊഴിലാളിയായ മണികണ്ഠന്‍ പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായത്. മനാമയിലെ താമസ സ്ഥലത്ത് വച്ച് ഉറക്കത്തിനിടയിലുണ്ടായ പക്ഷാഘാതം അദ്ദേഹത്തിന്റെ സംസാര ശേഷിയെയും തകരാറിലാക്കിയിരുന്നു.

സുഹൃത്തുക്കളുടെ സഹായത്താൽ സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മണികണ്ഠൻ്റെ അവസ്ഥ ബഹ്റൈൻ വാർത്തയുടെ പ്രതിദിന പരിപാടിയായ ‘ലൈവ് നൈറ്റ് അപ്ഡേറ്റ്സിലൂടെ’യായിരുന്നു സാമൂഹിക ലോകത്തിൻ്റെ ശ്രദ്ധയിൽ പെടുത്തിയത്. നാട്ടിൽ കൊണ്ടുപോയുള്ള തുടര്‍ ചികിത്സ മണികണ്ഠന്റെ ആരോഗ്യത്തെ വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന് നേരത്തെ അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതിനെ തുടർന്നായിരുന്നു അത്.

തളർന്ന് കിടപ്പായതിനാൽ പോകുന്ന വിമാനത്തിൽ സീറ്റ് ലഭിക്കുക എന്ന പ്രയാസമായിരുന്നു മുന്നിലുണ്ടായിരുന്നത്. ശരീരം തളര്‍ന്ന അവസ്ഥയിലായതിനാല്‍ വിമാനത്തില്‍ പ്രത്യേക സംവിധാനമുണ്ടെങ്കില്‍ മാത്രമെ അദ്ദേഹത്തിന് യാത്ര സാധ്യമാകൂ, അതുകൊണ്ട് തന്നെ വലിയ പണച്ചെലവ് ആവശ്യമായിരുന്നു എന്നായിരുന്നു പ്രധാന പ്രതിസന്ധി. കോവിഡ് പ്രതിസന്ധിയിൽ കഴിഞ്ഞ മൂന്ന് മാസത്തോളമായി ജോലിയില്ലാതെ കഴിഞ്ഞിരുന്ന കുറഞ്ഞ വേതനക്കാരനും സാധാരണ നിർമ്മാണ തൊഴിലാളിയുമായ മണികണ്ഠൻ്റെ അവസ്ഥ തിരിച്ചറിഞ്ഞ സുഹൃത്തുക്കളും നിസ്സഹായരാവുകയായിരുന്നു. തുടർന്നാണ് ജസ്റ്റിൻ എന്ന സുഹൃത്ത് സഹായാഭ്യർഥനയുമായി ബഹ്‌റൈന്‍ വാര്‍ത്തയെ സമീപിച്ചത്.

നിര്‍മ്മാണ തൊഴിലാളിയായ മണികണ്ഠന് അത്രയും തുക കണ്ടെത്തുക അസാധ്യമായതിനാല്‍ ബഹ്‌റൈന്‍ വാര്‍ത്ത സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിച്ച് റിപ്പോര്‍ട്ട് നല്‍കി. ശേഷം ബഹ്റൈൻ ഒഐസിസിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് പൊഴിയൂർ ഷാജിയുടെ നേതൃത്വത്തിൽ മടക്കയാത്രക്കായുള്ള ഒരുക്കങ്ങളും സജീകരണങ്ങളും ആരംഭിക്കുകയായിരുന്നു. ബഹ്റൈൻ വാർത്തയുടെ നൈറ്റ് അപ്ഡേറ്റ്സിലെ തുടർച്ചയായ റിപ്പോർട്ടിംഗിനെ തുടർന്ന് പേര് പറയാന്‍ ആഗ്രഹിക്കാത്ത ഒരു പ്രവാസി മലയാളി മണികണ്ഠന് ആവശ്യമായ സഹായങ്ങള്‍ നല്‍കാമെന്ന് വ്യക്തമാക്കി മുന്നോട്ട് വന്നു. ഗൾഫ് മാധ്യമം ഒരു ടിക്കറ്റ് കൂടി നൽകിയതോടെ മണികണ്ഠനും ബൈസ്റ്റാൻ്ററായി കൂടെ ഒരു സുഹൃത്തിനും നാട്ടിലേക്ക് പോകാനുള്ള വഴി തുറന്നു. ടിക്കറ്റിനായി ഇന്ത്യൻ എംബസിയുടെ ഐസിഡബ്ല്യുഎഫ് (ഇന്ത്യൻ കമ്മൂണിറ്റി വെൽഫെയർ ഫണ്ട്) നായി സമീപിച്ചെങ്കിലും പ്രതികരണങ്ങളൊന്നും ലഭിക്കാതെ യാത്ര മുടങ്ങുന്ന സാഹചര്യം വരുമെന്ന ഘട്ടത്തിലായിരുന്നു സഹായഹസ്തങ്ങൾ പ്രതീക്ഷയുടെ കനിവേകിയത്. നാട്ടിലേക്കു മടങ്ങുന്ന മണികണ്ഠന് പ്രവാസ ലോകത്തെ ജീവകാരുണ്യ കൂട്ടായ്മയായ പ്രതീക്ഷ ബഹ്റൈൻ(ഹോപ്) നൽകി വരുന്ന ഗൾഫ് കിറ്റും സമ്മാനിച്ചിരുന്നു.

15 വര്‍ഷം മുന്‍പാണ് മണികണ്ഠന്‍ പ്രവാസ ജീവിതം ആരംഭിക്കുന്നത്. നാട്ടിൽ ഏഴ് വയസുള്ള മകളുടെയും പ്രായമായ അമ്മയുടെയും ഭാര്യയുടെയും ഏക ആശ്രയമാണിദ്ദേഹം. നിലവിലെ സാഹചര്യത്തിൽ തുടര്‍ചികിത്സ മണികണ്ഠന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുമെന്നാണ് കുടുംബവും പ്രവാസ ലോകവും പ്രത്യാശിക്കുന്നത്. വീട്ടിൽ ക്വാറൻ്റീൻ സൗകര്യമൊരുക്കാനുള്ള പ്രയാസം കാരണം തിരുവനന്തപുരം എയർപോർട്ടിൽ നിന്നും നേരിട്ട് മെഡിക്കൽ കോളേജിലേക്കാണ് കൊണ്ടു പോകുന്നത്. ഇതിനുള്ള ആംബുലൻസ് സൗകര്യവും മറ്റും നൽകി തുടർ ചികിത്സക്കുള്ള വഴിയൊരുക്കണമെന്ന് ബഹ്റൈൻ വാർത്ത കഴിഞ്ഞ ദിവസം തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.