തിരുവനന്തപുരം: ഗള്‍ഫിലെ പ്രവാസികള്‍ക്ക് മാത്രമാണ് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതെങ്കില്‍ അത് അനീതിയാണെന്ന് മന്ത്രി കെ.ടി ജലീല്‍. വിദേശത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം. അങ്ങനെയല്ലെങ്കില്‍ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കേരളം മാത്രമാണ് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. പുതിയ ഉത്തരവ് ജൂണ്‍ 25 പ്രാബല്യത്തില്‍ വരാനിക്കുകയാണ്.
കോവിഡ് രോഗികളെയും മറ്റുള്ളവരെയും ഒന്നിച്ച് ഒരേ വിമാനത്തില്‍ കൊണ്ടുവരാനാകില്ലെന്നും പ്രവാസികളുടെ സുരക്ഷ കണക്കിലെടുത്ത് യാത്രക്ക് മുന്‍പ് പരിശോധന നടത്തണമെന്നുമാണ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. കൊവിഡ് പരിശോധനയ്ക്കായി സൗകര്യങ്ങളില്ലാത്ത ഗള്‍ഫ് രാജ്യങ്ങളില്‍ ട്രൂനാറ്റ് കിറ്റ് എത്തിക്കാനും സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
അതേസമയം നിലവിലെ സാഹചര്യത്തില്‍ 48 മണിക്കൂര്‍ മുന്‍പ് കോവിഡ് പരിശോധന നടത്തുന്നത് പ്രായോഗികമല്ലെന്നാണ് പ്രവാസി സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. പരിശോധനയ്ക്കായി വലിയ തുകയും ചിലവഴിക്കേണ്ടി വരുന്നതിനാല്‍ പ്രവാസികള്‍ക്ക് ഇത് ഇരുട്ടടിയാകുമെന്നും സംഘടനകള്‍ വ്യക്തമാക്കുന്നു.