കൊല്ലം പ്രവാസി അസോസിയേഷന്‍ മൂന്നാംഘട്ട സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

മനാമ: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി കൊല്ലം പ്രവാസി അസോസിയേഷന്‍. കഴിഞ്ഞ രണ്ടു മാസമായി രണ്ടു ഘട്ടങ്ങളിലായി ഡ്രൈ ഫുഡ് വിതരണവും, മരുന്ന് വിതരണവും, മാസ്‌ക്ക് വിതരണവുമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മൂന്നാംഘട്ടത്തിന് തുടക്കമായിരിക്കുകയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടിലായ കുടുംബത്തിലെ രണ്ടു പേര്‍ക്ക് നാട്ടിലേക്ക് പോകുന്നതിനു ആവശ്യമായ രണ്ടു വിമാന ടിക്കറ്റും ആവശ്യമായ സാമ്പത്തിക സഹായവും നല്‍കിക്കൊണ്ടാണ് മൂന്നാം ഘട്ട സഹായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ 3 മാസമായി 250ല്‍ പരം ഭക്ഷണകിറ്റും, നിരവധി നിര്‍ധന പ്രവാസികള്‍ക്ക് മരുന്നും, ഏകദേശം 30 ഓളം പ്രവാസികള്‍ക്ക് നാട്ടിലേക്കു പോകാനുള്ള യാത്രാ സൗകര്യങ്ങളും നല്‍കാന്‍ കഴിഞ്ഞുവെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
ജീവകാരുണ്യ രംഗത്തു വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രവാസി യാത്ര മിഷന്റെ നേതൃത്വത്തില്‍ നിര്‍ധനരായ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ വേണ്ടി ചെയ്യുന്ന സൗജന്യ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് എന്ന സദുദ്യമത്തിനും പങ്കാളികളാകുന്നു. സെന്‍ട്രല്‍ കമ്മിറ്റിയുടെയും ഡിസ്ട്രിക്റ്റ് കമ്മിറ്റിയുടെയും, വനിതാ വിഭാഗത്തിന്റെയും, മറ്റു അംഗങ്ങളുടെയും സഹായത്തോടെ നാല് ടിക്കറ്റ് ഈ സ്വപ്ന വിമാനത്തിലേക്കു നല്‍കി കഴിഞ്ഞുവെന്നും അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രയാസമനുഭവിക്കുന്നവര്‍ക്കു ബന്ധപ്പെടാനായി കെ. പി. എ ഹെല്പ് ഡെസ്‌കും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ ബഹ്റൈനിലെ പത്ത് ഏരിയ കേന്ദ്രീകരിച്ചു കൊല്ലം പ്രവാസി അസോസിയേഷന്റെ ഏരിയ കമ്മിറ്റികള്‍ വഴിയാണ് സഹായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലെ പ്രയാസമനുഭവിക്കുന്നവര്‍ക്കുള്ള ഭക്ഷണ സാധനങ്ങളുടെ വിതരണം ഉണ്ടാകുമെന്നു പ്രസിഡന്റ് നിസാര്‍ കൊല്ലവും സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു.