മക്ക: കോവിഡ്-19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ പരിമിതമായ ആളുകളെ മാത്രം പങ്കെടുപ്പിച്ച് ഹജ്ജ് നടത്താന്‍ തീരുമാനം. നിലവില്‍ രാജ്യത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഹജ്ജിന് അവസരം ലഭിക്കും. പുറത്തുള്ളവര്‍ക്ക് ഇത്തവണ അനുമതിയുണ്ടാകില്ല. കോവിഡ്-19 പശ്ചാത്തലത്തില്‍ കര്‍ശന ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും ഹജ്ജ് പൂര്‍ത്തിയാക്കുക.
ആരോഗ്യ സുരക്ഷയും സാമൂഹിക അകലവും പാലിച്ചായിരിക്കും കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുക. നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ നിന്ന് ആളുകളെ പങ്കെടുപ്പിച്ച് ഹജ്ജ് നടത്തുകയെന്നത് അപ്രാപ്യമാണ്. അതിനാല്‍ ആഭ്യന്തര തലത്തില്‍ നിന്നും ചുരുക്കം പേര്‍ക്ക് മാത്രമെ ഇത്തവണ തീര്‍ത്ഥാടനത്തിന് അവസരം ലഭിക്കുകയുള്ളുവെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി.
സൗദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്‌റൈനും രംഗത്ത് വന്നിട്ടുണ്ട്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി നേരത്തെ ഉംറയും സിയാറത്തും നിര്‍ത്തിവെച്ചിരുന്നു.