മനാമ: അപൂര്‍വ്വ രോഗം തളര്‍ത്തിയ ബഹ്‌റൈന്‍ പ്രവാസി സുബാസ് മണ്ഡല്‍ നാടണയുന്നു. ഹോപ്പ് ബഹ്‌റൈന്‍, വിവിധ പ്രവാസി സംഘടനകള്‍ വ്യക്തികള്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളാണ് സുബാസിനെ നാട്ടിലെത്താന്‍ സഹായിച്ചത്. ശനിയാഴ്ച്ച ഭുവനേശ്വറിലേക്ക് പറന്നുയര്‍ന്ന വിമാനത്തിലായിരുന്നു സ്വദേശമായ കൊല്‍ക്കത്തിയിലേക്ക് അദ്ദേഹം പുറപ്പെട്ടത്.
വെസ്റ്റ് ബംഗാള്‍ സ്വദേശിയായ 23 വയസ്സുകാരനായ സുബാസ് മണ്ഡല്‍ മറ്റെല്ലാവരെയും പോലെ നല്ലൊരു ജീവിതവും, നാട്ടിലെ ദാരിദ്ര്യം മാറി ഉണ്ടാകാന്‍ പോകുന്ന നല്ലകാലവും പ്രതീക്ഷിച്ചാണ് ബഹ്‌റൈനിലേയ്ക്ക് പ്രവാസ ജീവിതം ആരംഭിച്ചത്. ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജോലിക്കായി എത്തി ഒരുമാസം തികയും മുമ്പേ, അഞ്ചുലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകുന്ന ജി ബി സിന്‍ഡ്രോം എന്ന അപൂര്‍വ്വ രോഗത്തിന്റെ പിടിയിലാവുകയും, ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന അവസ്ഥയില്‍ സല്‍മാനിയ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു.
പേശികള്‍ ദുര്‍ബലമാകുന്ന ഈ രോഗം മൂലം കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് ശരീരം തളര്‍ന്ന്, ബോധരഹിതനായ അവസ്ഥയിലായിരുന്നു. സുബാസിന്റെ ആരോഗ്യ സ്ഥിതി മനസിലാക്കി സാബു ചിറമേലിലിന്റെ നേതൃത്വത്തിലുള്ള ഹോപ്പ് സംഘം ആവശ്യമായ സഹയാങ്ങളെത്തിച്ചിരുന്നു. മണ്ഡലിന്റെ രോഗ പുരോഗതിയെക്കുറിച്ച് വീട്ടുകാരെ കൃത്യമായ വിവരങ്ങള്‍ ഹോപ്പ് സംഘം അറിയിച്ചിരുന്നു. ഇദ്ദേഹത്തിന്റെ തുടര്‍ചികിത്സ വീട്ടുകാര്‍ക്ക് താങ്ങാന്‍ ആകില്ലെന്ന് മനസിലാക്കി സുമനസുകളായ ഹോപ്പ് അംഗങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയും BD 1,20,020.000 (ഒരു ലക്ഷത്തി ഇരുപത്തിനായിരത്തി ഇരുപത് രൂപ) സമാഹരിച്ചു സുബാസിന്റെ നാട്ടിലെ അക്കൗണ്ടിലേക്ക് ഹോപ്പ് അയച്ചു നല്‍കി.
സാബു ചിറമേല്‍, അഷ്‌കര്‍ പൂഴിത്തല, കെ ആര്‍ നായര്‍, ജയേഷ് കുറുപ്പ്, ജിബിന്‍ തുടങ്ങിയ ഹോപ്പിന്റെ ഊര്‍ജസ്വലരായ പ്രവര്‍ത്തകരാണ് സുബസിന് വേണ്ട സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ബഹ്‌റൈനിലെ സാമൂഹിക പ്രവര്‍ത്തകനായ സുധീര്‍ തിരുനിലത്തിന്റെ സഹായത്തോടെയാണ് സുബാസിന് നാട്ടിലേക്ക് യാത്ര സാധ്യമായത്. ബുവനേശ്വര്‍ വിമാനത്താവളത്തില്‍ നിന്ന് ജന്മനാടായ കൊല്‍ക്കത്തയിലേക്ക് സുബാസിനെ എത്തിക്കാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നുവെന്ന് സുധീര്‍ നിരുനിലത്ത് വ്യക്തമാക്കുന്നു.