തിരുവനന്തപുരം: കേരളത്തിലേക്കുള്ള പ്രവാസികളുടെ യാത്ര നിബന്ധനകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പിപിഇ കിറ്റ് ധരിച്ച് വേണം സൗദി അറേബ്യയില്‍ നിന്നുള്ള പ്രവാസികള്‍ യാത്ര ചെയ്യാന്‍. എന്‍ 95 മാസ്‌ക്കും കൈയ്യുറയും ഫെയിസ്മാസ്‌ക്കുമാണ് ബഹ്റൈനില്‍ നിന്നും ഒമാനില്‍ നിന്നും വരുന്നവര്‍ക്ക് വേണ്ടത്. കുവൈറ്റില്‍ നിന്നും പരിശോധനാ നെഗറ്റീവ് ഇല്ലാതെ വരുന്നവര്‍ പിപിഇ കിറ്റ് ധരിക്കണം.
എഹ്ത്രാസ് മൊബൈല്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ലഭിച്ചവര്‍ക്കെ ഖത്തറില്‍ നിന്ന് വരാനാകു. യു.എ.ഇയില്‍ ആന്റിബോഡി പരിശോധന ലഭ്യമായതിനാല്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കൂടാതെ എല്ലാ രാജ്യങ്ങളില്‍ നിന്നു വരുന്നവരും എന്‍ 95 മാസ്‌ക്കും ഫേസ് ഷീല്‍ഡും കയ്യുറയും ധരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
72 വിമാനങ്ങളിലായി 14058 പേരാണ് ഇന്നലെ സംസ്ഥാനത്ത് എത്തിയത്. നേരത്തെ പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പിന്നാലെയാണ് പുതിയ നിബന്ധനകളും മാര്‍ഗരേഖകളും പുറത്തിറക്കിയത്.