ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 4,90,401 ആയി. 17,296 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 407 പേര്‍ കൂടി മരിച്ചതോടെ ഇന്ത്യയിലെ കോവിഡ് മരണ നിരക്ക് 15,301 ആയി. 1,89,463 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 2.85,636 പേര്‍ ഇത് വരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിയന്ത്രണാതീതമായി രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്ന് ഗുജറാത്തിലെത്തും. ഇന്നു മുതല്‍ 29 വരെയാണ് സന്ദര്‍ശനം. മഹാരാഷ്ട്ര, തെലങ്കാന എന്നിവടങ്ങളിലും സംഘം സന്ദര്‍ശനം നടത്തും.
അതേസമയം കേരളത്തില്‍ ഇന്നലെ (ജൂണ്‍ 25) 123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 13 പേര്‍ക്ക് വീതവും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, തിരുവനന്തപുരം, കോട്ടയം, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 53 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 22 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.