മനാമ: കോവിഡ്-19 മഹാമാരിയിൽ ലോകജനത ദുരിതമനുഭവിക്കുമ്പോൾ തങ്ങളുൾപ്പെടുന്ന പ്രവാസി സഹോദരങ്ങൾക്കു സ്നേഹസ്പർശമായ് സെന്റ്.ഗ്രീഗോറിയോസ് ക്നാനായ ഇടവക ബഹ്‌റൈനും. ദുരിതത്തിലായ എക്കറിലെ ഒരു ക്‌ളീനിംഗ് കമ്പനിയിലെ തൊണ്ണൂറോളം തൊഴിലാളികൾക്കാണ് ഇവർ ഡ്രൈ റേഷൻ എത്തിച്ചത്. കഴിഞ്ഞ മൂന്നുമാസത്തിലേറെയായി ജോലിയോ ശമ്പളമോ ഇല്ലാതെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയിരുന്ന അവസ്ഥയിലായിരുന്നു ഈ തൊഴിലാളികൾ. കമ്പനിക്ക് വർക്ക് കുറഞ്ഞതിനാൽ പലരും ജോലി നഷ്ടപ്പെടലിന്റെ ഭീഷണിയിലുമാണ്. തുശ്ചമായ ശമ്പളക്കാരായതിനാൽ അവരുടെ മനസിലാക്കി അവശ്യസാധനങ്ങൾ എത്തിക്കുകയായിരുന്നെന്ന് ക്നാനായ കോൺഗ്രസിന്റെ പ്രസിഡന്റും ഇടവക വികാരിയുമായ റെവ.ഫാ.നോബിൻ തോമസ് അറിയിച്ചു.
കൂടാതെ കഴിഞ്ഞ ദിവസങ്ങളായി കോവിഡിന്റെ പശ്ചാത്തലത്തിൽ തന്നെ പ്രയാസമനുഭവിച്ചു വരുന്ന മുഹറഖിലെ ക്‌ളീനിംഗ് തൊഴിലാളികളുടെ ഒരു ക്യാമ്പ്, അദ്‌ലിയയിൽ മുപ്പത്തിയഞ്ച് പേരടങ്ങിയ മറ്റൊരു ക്യാമ്പ്, ജോലിയും ശമ്പളവും മുടങ്ങിയത് കാരണം പ്രയാസമനുഭവിച്ച കുടുംബങ്ങൾ തുടങ്ങി ഇതിനോടകം ഇരുന്നൂറോളം സഹോദരങ്ങൾക്ക് സഹായമെത്തിക്കാൻ ബഹ്‌റൈൻ സെന്റ്. ഗ്രീഗോറിയോസ് ക്നാനായ ഇടവക അംഗങ്ങൾക്ക് സാധിച്ചിരുന്നു.
പ്രസിഡന്റ് റെവ. ഫാ. നോബിൻ തോമസ്, വൈസ്. പ്രസിഡന്റ് നിസ്സാൻ പുന്നൂസ്, സെക്രട്ടറി ഷോൺ ജോസഫ്, കോർഡിനേറ്റർമാരായ രെഞ്ചി സഖറിയ, നോബി മാത്യു, ലിനോജ് എബ്രഹാം തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.