മനാമ: ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോകുന്നവര്‍ കൊവിഡ് പരിശോധനാ ഫലം സമര്‍പ്പിക്കണമെന്ന തീരുമാനം പിന്‍വലിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നും പ്രവാസിലോകത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധമാണ് ഇതിന് വഴിതെളിച്ചതെന്നും ബഹ്‌റൈന്‍ കെ.എം.സി.സി. നിലവിലെ പ്രതികൂലമായ സാഹചര്യത്തില്‍ യാതൊരു ചര്‍ച്ചകളോ പഠനമോ നടത്താതെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. നേരത്തെ ക്വാറന്റൈനുമായും പ്രവാസികളുടെ മടങ്ങിവരവുമായും ബന്ധപ്പെട്ട് ഇതേരീതിയാണ് സ്വീകരിച്ചത്. അതിനാലാണ് പ്രവാസി പ്രതിഷേധത്തിന്റെ ഫലമായി സംസ്ഥാന സര്‍ക്കാരിന് ഇത്തരത്തില്‍ തീരുമാനങ്ങള്‍ മാറ്റേണ്ടിവരുന്നതെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു.
കൊവിഡ് ഭീതിയില്‍ ആശ്വാസമേകുമെന്ന് കരുതിയ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പ്രവാസികളെ കൈയൊഴിയുകയാണുണ്ടായത്. എല്ലാ കാര്യത്തിലും വിദഗ്ധാഭിപ്രയങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്ന സര്‍ക്കാര്‍ ഇനിയെങ്കിലും പ്രവാസികളുടെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തണം. ഗള്‍ഫ് നാടുകളിലെ സാഹചര്യങ്ങള്‍ മനസിലാക്കിയും പ്രവാസികള്‍ക്ക് മാനുഷിക പരിഗണനകളും നല്‍കിയായിരിക്കണം തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്. നിലവില്‍ ജോലിയും വരുമാനവും നഷ്ടപ്പെട്ട് നിരവധി പേരാണ് ഗള്‍ഫ് നാടുകളില്‍ ദുരിതമനുഭവിക്കുന്നത്. ഇതിനിടയില്‍ പ്രവാസികളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിനീക്കുന്ന തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ പ്രതിഷേധങ്ങളും ശക്തമാകും. ഇതിന്റെ ഫലമായാണ് കൊവിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട് ഇടത് അനുകൂല പ്രവാസി സംഘടനകള്‍ പോലും സംസ്ഥാന സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്. കക്ഷി ഭേദമന്യേ ഈ വിഷയത്തില്‍ പ്രവാസി ലോകം ഒറ്റക്കെട്ടായി നിലകൊണ്ടതിനാലാണ് തീരുമാനം പിന്‍വലിച്ചതെന്നും വാഗ്ദാനങ്ങള്‍ക്കപ്പുറം കൈത്താങ്ങാവുന്ന പ്രവര്‍ത്തികളാണ് സംസ്ഥാന ഭരണകൂടത്തില്‍നിന്ന് പ്രവാസികള്‍ പ്രതീക്ഷിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.