കോഴിക്കോട്: ക്വാറന്റീനില്‍ കഴിയുകയായിരുന്ന ബഹ്‌റൈന്‍ പ്രവാസിയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു. വടകര വില്യാപ്പള്ളി സ്വദേശി ലിജീഷിനാണ് പരിക്കേറ്റത്. കൈക്ക് കുത്തേറ്റ ലിജീഷ് ചികിത്സയിലാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ബഹ്‌റൈനില്‍ നിന്ന് ലിജീഷ് നാട്ടില്‍ തിരികെയെത്തുന്നത്. കെ.എം.സി.സിയുടെ ചാര്‍ട്ടേഡ് വിമാനത്തിലായിരുന്നു നാട്ടിലെത്തിയത്. ലഭിച്ച സേവനങ്ങൾക്കും സഹായങ്ങൾക്കും കെ.എം.സി.സിക്ക് നന്ദിയറിയിച്ച് ലിജീഷ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരുന്നു.
ലിജീഷ് ക്വാറന്റീനില്‍ കഴിയുന്ന വീടിന്റെ വാതില്‍ ചവിട്ട് പൊളിച്ച് അകത്ത് കയറിയ അക്രമി അദ്ദേഹത്തെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. നാട്ടുകാരെത്തിയാണ് ലിജീഷിനെ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചികിത്സ ലഭ്യമാക്കിയതിന് ശേഷം വീണ്ടും ക്വാറൻ്റീൻ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അക്രമി മുഖംമൂടി ധരിച്ചതിനാല്‍ മുഖം വ്യക്തമായിട്ടില്ല. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അക്രമിയെ കണ്ടെത്തിയാലുടന്‍ ഇയാളെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റാനാവും പോലീസ് ശ്രമിക്കുക. അക്രമികളെ ഉടന്‍ കണ്ടെത്തണമെന്ന് കെ.എം.സി.സി ബഹ്‌റൈന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ക്വാറൻ്റീനിൽ കഴിയുന്ന പ്രവാസിയെ ആക്രമിച്ച സംഭവം കേരളത്തിലാണെന്നതിൽ ലജ്ജിക്കുന്നു എന്നും കെഎംസിസി ബഹ്‌റൈൻ സംസ്ഥാന സെക്രെട്ടറി എ പി ഫൈസൽ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, ആക്ടിങ് ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖ്, വൈസ് പ്രസിഡന്റ് ശരീഫ് വില്ല്യപ്പള്ളി എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ക്വാറന്റൈനില്‍ കഴിയുന്നയാള്‍ക്ക് നേരെ വധശ്രമം എന്ന രീതിയിലാണ് വടകര പോലീസ് കേസന്വേഷിക്കുന്നത്.