വടകര: ബഹ്റൈനില്‍ നിന്ന് എത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്ന പ്രവാസിക്ക് കുത്തേറ്റു എന്നത് വ്യാജമാണെന്ന് തെളിഞ്ഞു. വില്യാപ്പള്ളി ക്വാറന്റീനില്‍ കഴിയുന്ന അരയാക്കൂല്‍ താഴയിലെ മനത്താനത്ത് ലിജേഷിനെ (42) തിരെയായിരുന്നു ആക്രമണമുണ്ടായെന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യാഴാഴ്ച രാത്രി 11.50ഓടെയാണ് മുഖംമൂടി ധരിച്ച ഒരാള്‍ വീട്ടില്‍കയറി ഇയാളെ കുത്തിയെന്ന വിവരം ലഭിച്ചത്.
വിവരം ലഭിച്ച ഉടന്‍ തന്നെ വടകര പൊലീസ് ലിജേഷിനെ വടകര ജില്ല ആശുപത്രിയിലെത്തിച്ചു. നാലു മുറികളിലായി നാലു പേരാണ് കെ.എം.സി.സി ഒരുക്കിയ ഈ വീട്ടില്‍ കഴിയുന്നത്. എന്നാല്‍ ലീജീഷിന് കുത്തേറ്റത് മറ്റുള്ളവര്‍ അറിഞ്ഞിരുന്നില്ല. കറുത്ത്, തടിച്ച ഒരാള്‍ തന്നെ കത്തികൊണ്ട് കുത്തി രക്ഷപ്പെട്ടു എന്നാണ് ലീജീഷ് സുഹൃത്തുക്കളോട് പറഞ്ഞത്. തുടര്‍ന്ന് പ്രതിയെ കണ്ടെത്താന്‍ റൂറല്‍ എസ്.പി നിര്‍ദേശം നല്‍കി.
എന്നാല്‍ പൊലീസിന് സംഭവത്തില്‍ സംശയം തോന്നിയതിനാല്‍ വെള്ളിയാഴ്ച രാവിലെ ലിജീഷിനെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് ലിജീഷ് കുത്തേറ്റുവെന്നത് നാടകമാണെന്ന് പൊലീസിന് മൊഴി നല്‍കി. വിദേശത്തുനിന്ന് കൊണ്ടുവന്ന കത്രികകൊണ്ട് കൈക്കും ശരീരത്തിലും മുറിവേല്‍പിക്കുകയായിരുവെന്നും. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇത് ചെയ്തതെന്നും ലിജീഷ് പറഞ്ഞു. തുടര്‍ന്ന് കേസില്‍ പൊലീസ് ലിജേഷിനെ പ്രതിയാക്കി.