മനാമ: ബഹ്‌റൈനില്‍ ഉച്ചവിശ്രമ നിയമം ഇന്ന് (ജൂലൈ 1 ബുധന്‍) മുതല്‍ പ്രാബല്യത്തില്‍. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഉച്ചതിരിഞ്ഞ് 12 മണിക്കും വൈകീട്ട് നാല് മണിക്കും ഇടയിലുള്ള പുറംജോലികള്‍ക്ക് നിരോധനം നിലവില്‍ വരും. നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലേബര്‍ ആന്‍ഡ് സോഷ്യല്‍ ഡെവലപ്പ്‌മെന്റ് മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
തൊഴിലാളികളുടെ ക്ഷേമത്തെ മുന്‍നിര്‍ത്തിയാണ് നടപടി. ചൂടിന്റെ ആഘാതം കൂടി വരുന്ന ഘട്ടത്തില്‍ വേനല്‍കാലത്ത് ഉണ്ടാകുന്ന രോഗങ്ങള്‍ കുറയ്ക്കാനും ആരോഗ്യപരമായ തൊഴില്‍ സാഹചര്യം ഉറപ്പുവരുത്തുകയുമാണ് ഉത്തരവിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്കിടയില്‍ അവബോധം സൃഷ്ട്ടിക്കാനായി ബഹ്‌റൈന്‍ ലേബര്‍ മന്ത്രാലയം നേരത്തെ കാംപെയ്ന്‍ ആരംഭിച്ചിരുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് മൂന്നുമാസം ജയില്‍ ശിക്ഷയും 500 മുതല്‍ 1000 ദിനാര്‍ വരെ പിഴയും ലഭിക്കും.
ഹൗസിംഗ് പ്രൊജക്ടുകള്‍, ഫാക്ടറികള്‍, ക്ളീനിംഗ് കമ്പനികള്‍ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. സൂര്യാഘാതം നേരിട്ടേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഉച്ച സമയത്ത് ജോലിയില്‍ നിന്ന് മാറിനില്‍ക്കണം. നിയമലംഘകരെ കണ്ടെത്തുന്നതിന് മന്ത്രാലയം നിരീക്ഷണ സംവിധാനങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 17873648 എന്ന ഹോട്ലൈന്‍ നമ്പറില്‍ വിവരമറിയിക്കുന്ന പക്ഷം അവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതാണ്.