റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ 5 മലയാളികള്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ശ്രീവര്‍ദ്ധനം അയനുവേലി കുളങ്ങര തെക്ക് സ്വദേശി മാലേത്ത് കിഴക്കേതില്‍ വീട്ടില്‍ സുരേന്ദ്രന്‍ (55), ചാരുംമൂട് സ്വദേശി സൈനുദ്ദീന്‍ സുലൈമാന്‍ റാവുത്തര്‍ (47), കായംകുളം ചിറക്കടവം പാലത്തിന്‍കീഴില്‍ സ്വദേശി പി.എസ്. രാജീവ് (53) ആലപ്പുഴ പാനൂര്‍ സ്വദേശി കുന്നച്ചന്‍ പറമ്പില്‍ മുഹമ്മദ് റഊഫ് (57), തിരുവനന്തപുരം ബീമാപള്ളി സ്വദേശി പുതുവല്‍ പുരയിടം മുഹമ്മദ് നൂഹ് മകന്‍ മുഹമ്മദ് സലിം (45) എന്നിവരാണ് മരിച്ചത്.
10 ദിവസം മുമ്പാണ് പനി ബാധിച്ച് സുരേന്ദ്രനെ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ നിന്ന് പരിശോധനക്ക് ശേഷം ജുബൈല്‍ ക്രൈസിസ് മാനേജ്‌മെന്റ് ഒരുക്കിയ ക്വാറന്റീന്‍ സെന്ററിലേക്ക് മാറ്റിയിരുന്നു. ജുബൈല്‍ ടി.ഡബ്ല്യു.സി എന്ന കമ്പനിയില്‍ ഇലക്ട്രിക്കല്‍ ഫോര്‍മാനായി ജോലി ചെയ്യുകയായിരുന്നു. ഖോബാറിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് സൈനുദ്ദീന്‍ സുലൈമാന്‍ റാവുത്തര്‍ മരിച്ചത്. അല്‍ഖോബാറില്‍ സ്വന്തമായി വ്യാപാര സ്ഥാപനം നടത്തുകയായിരുന്നു. ഇദ്ദേഹം. രണ്ടാഴ്ച മുമ്പാണ് കടുത്ത പനിയും തൊണ്ടവേദനയും അനുഭവപ്പെട്ട് രാജീവിനെ അബ്ഖൈഖിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം കൂടുതലായതിനെ തുടര്‍ന്ന് ദമ്മാം മെഡിക്കല്‍ കോംപ്ലക്സില്‍ എത്തിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച്ചയോടെ മരണത്തിന് കീഴടങ്ങി.
മുഹമ്മദ് റഊഫിനെ പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇദ്ദേഹം സുഖം പ്രാപിക്കുന്നു എന്ന വിവരമാണ് ആദ്യം ലഭിച്ചതെങ്ങിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ സ്ഥിതി വഷളാവുകയും ഹൃദയാഘാതത്തെ മരണമടയുകയുമായിരുന്നു.
26 വര്‍ഷമായി സൗദിയിലുള്ള മുഹമ്മദ് റഊഫ് ദമ്മാം സഫ്വയിലെ പെട്രോള്‍ പമ്പിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. കോവിഡ് പോസിറ്റിവായതിനാല്‍ 10 ദിവസമായി മുഹമ്മദ് സലിം വീട്ടില്‍ തന്നെ ക്വറന്റീനില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10 മണിയോടെ ശ്വാസതടസ്സം മൂലം ആരേഗ്യനില വഷളായി. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബുറൈദയിലെ ഒരു കമ്പനിയില്‍ 14 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു മുഹമ്മദ് സലിം.