മനാമ: പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കാത്ത 8,374 പേര്‍ക്കെതിരെ പിഴ ചുമത്തി ബഹ്റൈന്‍ പൊലീസ്. ആഭ്യന്തര മന്ത്രാലയമാണ് ഈ വിവരം പുറത്തുവിട്ടത്. കോവിഡ് വ്യാപനത്തിന് പിന്നാലെ ബഹ്റൈനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കിയിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇന്ന് കോവിഡ്-19 ബാധിച്ച് രാജ്യത്ത് നാല് പേരാണ് മരണപ്പെട്ടത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു പ്രവാസിയും മൂന്ന് സ്വദേശി പൗരന്‍മാരുമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ്-19 നെ തുടര്‍ന്നുള്ള മരണം 91 ആയി. നിലവില്‍ 5337 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
21331 പേര്‍ ആകെ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 554239 പേരെയാണ് രാജ്യത്ത് പരിശോധനകള്‍ക്ക് വിധേയമാക്കിയത്. 86 പേര്‍ നിലവില്‍ പ്രത്യേക പരിചരണം ആവിശ്യമായ നിലയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരില്‍ 48 പേര്‍ ഗുരുതരാവസ്ഥയിലാണ്.