ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 6 ലക്ഷം കടന്നു. ഇന്നലെ മാത്രം 19,148 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 6,04,641 ആയി. 24 മണിക്കൂറില്‍ 434 പേരാണ് മരണപ്പെട്ടത്. ഇതോടെ ഇന്ത്യയിലെ ആകെ മരണ നിരക്ക് 17,834 ആയി ഉയര്‍ന്നു. നാല് ദിവസം കൊണ്ട് മാത്രമാണ് രാജ്യത്ത് രോഗികളുടെ എണ്ണം 5 ലക്ഷത്തില്‍ നിന്ന് 6 ലക്ഷമായത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2,26,947 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. 3,59,860 പേര്‍ കോവിഡില്‍ നിന്ന് മുക്തി നേടി. രോഗികളുടെ എണ്ണം ദിനം പ്രതി കൂടുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ പരിശോധനകളുടെ എണ്ണം 90 ലക്ഷം കടന്നു. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 90,56,173 സാംപിളുകളാണ് ഇതുവരെ പരിശോധനക്ക് അയച്ചത്.
കോവിഡ് വ്യാപനത്തിന്റെ തോത് കൂടുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സ്വകാര്യ ഡോക്ടര്‍മാരെയും പരിശോധനക്ക് കുറിപ്പടി നല്‍കാന്‍ അനുവദിക്കുമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്കൊപ്പം ദ്രുത ആന്റിജെന്‍ പരിശോധനകളും ഉള്‍പെടുത്തണമെന്നാണ് നിര്‍ദ്ദേശം. ഇന്ത്യയില്‍ ഇതുവരെ 1056 ലാബുകള്‍ക്കാണ് പരിശോധനക്കുള്ള അനുമതി ഐസിഎംആര്‍ നല്‍കിയിട്ടുള്ളത്. ഇവയില്‍ 764 എണ്ണം പൊതു വിഭാഗത്തിലും 292 എണ്ണം സ്വകാര്യ ലാബുകളുമാണ്. ലോകത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോള്‍. രാജ്യത്ത് 550 കോവിഡ് രോഗികള്‍ ഉള്ളപ്പോഴാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ലോക്ക്ഡൗണിന്റെ 100-ാം ദിവസത്തില്‍ 6 ലക്ഷമാണ് രോഗബാധിതരുടെ എണ്ണം.
അതേസമയം കേരളത്തില്‍ ഇന്നലെ (ജൂലൈ 1) 151 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കൊല്ലം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.