മനാമ: കോവിഡ്-19 പടര്‍ന്നതായി സംശയത്തെ തുടര്‍ന്ന് മുഹറഖ് മുന്‍സിപ്പാലിറ്റി ഓഫീസ് അടച്ചിടും. ജൂലൈ 5 മുതല്‍ 23 വരെയാണ് അടച്ചിടുക. ബുസൈത്തീനിലെ ഓഫീസ് കെട്ടിടത്തിൽ ഇന്നലെ നടന്ന പരിശോധനയിൽ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. അണുവിമുക്തമാക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഇനി മുന്‍സിപ്പാലിറ്റി തുറക്കുകയെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൗണ്‍സില്‍ അംഗങ്ങളും ജീവനക്കാരും ഉള്‍പ്പെടെയുള്ളവരെ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
മുന്‍സിപ്പാലിറ്റി അടച്ചിടുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ ‘വര്‍ക്ക് ഫ്രം ഹോം’ പ്രോട്ടോക്കോളില്‍ ജോലി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ആരോഗ്യ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നടപടി.
തുടര്‍നടപടികള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്കും മറ്റുമായി മുന്‍സിപ്പാലിറ്റി അഫേഴ്‌സ്, അര്‍ബന്‍ പ്ലാനിംഗ് മിനിസിട്രിയുടെയും ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്(www.mun.gov.bh).