ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 7 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറില്‍ 24,248 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 6,97,413 ആയി. 425 പേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മരണപ്പെട്ടു. ഇതുവരെ 19,693 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് 424,433 ആളുകള്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 61 ശതമാനമാണ് നിലവില്‍ ഇന്ത്യയിലെ രോഗമുക്തി നിരക്ക്. 2,53,287 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുണ്ട്.
ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ 6555 കേസുകളും 151 മരണവും റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 63 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 1500 കടന്നു. കര്‍ണാടകയില്‍ ഇന്നലെ മാത്രം 1925 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 2244 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 99,444 ആയി. തമിഴ്നാട്ടില്‍ ഇന്നലെ 4150 പുതിയ കേസുകളും 60 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,11,151 ആയി. കൂടാതെ ചെന്നൈ ഉള്‍പ്പടെ തമിഴ്നാട്ടില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന നാല് ജില്ലകളില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കും. സ്വകാര്യ ഓഫീസുകളും 50% ജീവനക്കാരെ വെച്ച് പ്രവര്‍ത്തനം ആരംഭിക്കാം.
അതേസമയം കേരളത്തില്‍ ഇന്നലെ (ജൂലൈ 5) 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം , തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 26 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡിന് കീഴടങ്ങിയത്.