ന്യൂഡല്‍ഹി: കോവിഡ്-19 വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞര്‍. 30 രാജ്യങ്ങളിലെ 239 ശാസ്ത്ര ഗവേഷകരാണ് വൈറസ് വായുവിലൂടെ പകരുമെന്ന് കണ്ടെത്തിയത്. ഗവേഷകരുടെ കണ്ടെത്തല്‍ പ്രകാരം കൈ കഴുകിയും സാധാരണ മാസ്‌ക്ക് ഉപയോഗിച്ചും കോവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുകയില്ല. വായുവില്‍ തങ്ങിനില്‍ക്കുന്ന ദ്രവകണങ്ങളിലൂടെ കോവിഡ് പകര്‍ന്നേക്കാം എന്നതിനാലാണ് കൈ കഴുകിയും സാധാരണ മാസ്‌ക് ധരിച്ചും മാത്രം രോഗത്തെ പ്രതിരോധിക്കാന്‍ കഴിയില്ല എന്ന് ഗവേഷകര്‍ പറയുന്നത്.
വായുവിലെ കണങ്ങളിലൂടെയാണ് അടച്ചു പൂട്ടിയ സ്ഥലങ്ങളില്‍ വൈറസ് വേഗത്തില്‍ പടരുന്നത്. പുതിയ കണ്ടെത്തലനുസരിച്ച് മുന്നറിയിപ്പുകളില്‍ മാറ്റം വരുത്തണമെന്ന് ലോകാരോഗ്യ സംഘടനയോട് ഗവേഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കോവിഡ് വ്യാപനത്തിന്റെ തോത് ഇന്ത്യയില്‍ ദിനം പ്രതി വര്‍ധിച്ചുവരികയാണ്. 6,97,413 ആണ് പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം.
ഇന്ത്യയില്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. 24 മണിക്കൂറില്‍ 24,248 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 6,97,413 ആയി. 425 പേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മരണപ്പെട്ടു. ഇതുവരെ 19,693 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് 424,433 ആളുകള്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.