ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വോള്‍ഡോ മീറ്ററിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യ മൂന്നാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഇന്നലെ മാത്രം രോഗികളുടെ എണ്ണം 25,000 കടന്നതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. റഷ്യയെക്കാള്‍ രോഗികള്‍ ഇന്ത്യയില്‍ ഉണ്ടെന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. 29,82,928 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കോവിഡ് ബാധിച്ചത്. 1,32,569 പേര്‍ മരിക്കുകയും 12,89,564 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 16,04,585 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 64,900 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
അതേസമയം ജനസംഖ്യ കൂടുതലുള്ള ഇന്ത്യയില്‍ സമൂഹവ്യാപനം കൂടിയാല്‍ സ്ഥിതി വീണ്ടും ഗുരുതരമാകും. 6,97,836 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 19,700 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മരണ നരക്കില്‍ ലോകത്ത് എട്ടാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം 4,24,891 പേര്‍ക്ക് രോഗം ഭേദമാകുകയും ഇന്ത്യയിലെ രോഗമുക്തി നിരക്ക് 61 ശതമാനമായി ഉയരുകയും ചെയ്തു. മുംബൈ, ഡല്‍ഹി, ചെന്നൈ എന്നിവടങ്ങളിലാണ് ഇതുവരെ ഇന്ത്യയില്‍ വൈറസ് വ്യാപനം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഗ്രാമങ്ങളിലേക്ക് കോവിഡ് പടര്‍ന്നാല്‍ രാജ്യത്തിന്റെ അവസഥ കൂടുതല്‍ ഗുരുതരമാകുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ വന്നാല്‍ ബീഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വൈറസ് വ്യാപനം അതിരൂക്ഷമായ പ്രതിസന്ധിയിലേക്ക് വഴിമാറും. നിലവില്‍ മെട്രോ നഗരങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലും ആശാവഹമല്ല. അത്യാധുനിക സൗകര്യങ്ങളുള്ള നഗരങ്ങളിലെ ആശുപത്രികള്‍ക്ക് പോലും കോവിഡ് വ്യാപനം തടുക്കാനോ കുറയ്ക്കാനോ കഴിയാത്ത സാഹചര്യമാണുള്ളത്.
ഇന്ത്യന്‍ ജനസംഖ്യയില്‍ ഭൂരിപക്ഷവും ജീവിക്കുന്ന ഗ്രാമങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലേക്ക് ചെന്നെത്തും. നിലവില്‍ 99,69,662 പേര്‍ക്ക് രാജ്യത്ത് കോവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട് എന്നാണ് വോള്‍ഡോ മീറ്ററിന്റെ കണക്കുകള്‍.