റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂലൈ ആറ് മുതല്‍ 10 വരെ അഞ്ച് ദിവസമാണ് അപേക്ഷിക്കാനുള്ള അവസരം. കോവിഡ്-19 വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ കുറച്ച് പേരെ മാത്രം പങ്കെടുപ്പിച്ചായിരിക്കും ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുക. സൗദിയിലുള്ള വിദേശികള്‍ക്ക് ഹജ്ജില്‍ പങ്കെടുക്കാന്‍ ജൂലൈ 10 വരെ അപേക്ഷിക്കാം.
ഹജ്ജ് മന്ത്രാലയത്തിന്റെ localhaj.haj.gov.sa എന്ന വെബ്‌സൈറ്റ് മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഒരു തവണ ഹജ്ജ് നിര്‍വ്വഹിച്ചവര്‍ക്ക് അവസരമുണ്ടാകില്ല. കൂടാതെ 20 മുതല്‍ 50 വരെ പ്രായമുള്ളവര്‍ക്ക് മാത്രമാണ് പുതിയ സാഹചര്യത്തില്‍ അനുമതി ലഭിക്കുകയുള്ളു. അപേക്ഷകരെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാവും തെരഞ്ഞെടുക്കുക.
കോവിഡ് പശ്ചാത്തലത്തില്‍ അപേക്ഷ നല്‍കുന്നവര്‍ക്കെല്ലാം അവസരം ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശോധനകള്‍ക്ക് ശേഷം അവസരം ലഭിക്കുന്നവര്‍ക്ക് മൊബൈലിലേക്ക് സന്ദേശമെത്തും. ഇത്തരത്തില്‍ സന്ദേശം ലഭിക്കുന്നവര്‍ക്ക് മാത്രമാണ് ഇത്തവണ പുണ്യകര്‍മ്മം നിര്‍വ്വഹിക്കാനാവുക. കോവിഡ് രോഗബാധിതര്‍, പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം, മാനസിക പ്രശ്‌നങ്ങള്‍ എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാന്‍ അനുവാദമില്ല.