ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 482 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 22,752 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 7,42,417 ആയി ഉയര്‍ന്നു. ഇതുവരെ 20,642 പേരാണ് വൈറസ് ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. മരണസംഖ്യ ഉയരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. 2,64,944 പേരാണ് നിലവില്‍ ചികിത്സയിലുളളത്. 4,56,831 പേര്‍ രോഗമുക്തി നേടി.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വോള്‍ഡോ മീറ്ററിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യ മൂന്നാം സ്ഥാനത്താണ്. നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. 29,82,928 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കോവിഡ് ബാധിച്ചത്. 1,32,569 പേര്‍ മരിക്കുകയും 12,89,564 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 16,04,585 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 64,900 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഗ്രാമങ്ങളിലേക്ക് കോവിഡ് പടര്‍ന്നാല്‍ രാജ്യത്തിന്റെ അവസഥ കൂടുതല്‍ ഗുരുതരമാകുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ വന്നാല്‍ ബീഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വൈറസ് വ്യാപനം അതിരൂക്ഷമായ പ്രതിസന്ധിയിലേക്ക് വഴിമാറും. നിലവില്‍ മെട്രോ നഗരങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലും ആശാവഹമല്ല. അത്യാധുനിക സൗകര്യങ്ങളുള്ള നഗരങ്ങളിലെ ആശുപത്രികള്‍ക്ക് പോലും കോവിഡ് വ്യാപനം തടുക്കാനോ കുറയ്ക്കാനോ കഴിയാത്ത സാഹചര്യമാണുള്ളത്.
കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലുണ്ടാകുന്ന വന്‍ വര്‍ധന രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നു. രാജ്യത്ത് കോവിഡ് കേസുകള്‍ ഒരു ലക്ഷമാകാന്‍ 110 ദിവസമാണ് എടുത്തതെങ്കില്‍ ഒരുലക്ഷത്തില്‍നിന്ന് ഏഴുലക്ഷമായി ഉയരാന്‍ 48 ദിവസം മാത്രമാണ് എടുത്തത്. ആറു ലക്ഷത്തില്‍നിന്ന് ഏഴു ലക്ഷമാകാന്‍ എടുത്തത് നാലുദിവസവും. സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉറവിടമറിയാത്ത കേസുകള്‍ പെരുകുയാണ്.