മനാമ: വേനല്‍ക്കാലത്ത് പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം ലംഘിക്കുന്നവരെ കണ്ടെത്താന്‍ കര്‍ശന നടപടി സ്വീകരിച്ച് ബഹ്‌റൈന്‍. ഇതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഹ്യൂമന്റൈറ്റ്‌സ് (എന്‍.ഐ.എച്ച്.ആര്‍) നടപടി ആരംഭിച്ചിട്ടുണ്ട്. വേനല്‍ക്കാലത്തെ കടുത്ത ചൂടിന്റെ പശ്ചാത്തലത്തിലാണ് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് വിലക്ക് കൊണ്ട് ഉച്ചവിശ്രമ നിയമം കൊണ്ടുവന്നിരിക്കുന്നത്. നിയമപ്രകാരം ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ വൈകീട്ട് നാലു വരെ ജോലികള്‍ക്ക് നിയന്ത്രണമുണ്ടാവും. തൊഴില്‍ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.
സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും മാസ്‌ക് നല്‍കണമെന്ന് നേരത്തെ എന്‍.ഐ.എച്ച്.ആര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം നല്‍കിയത്. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഉച്ച സമയത്ത് പുറംജോലികളും രണ്ട് മാസത്തേക്ക് നിരോധിച്ചു. കമ്പനികള്‍ നിയമം കര്‍ശനമായി പാലിക്കണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്‍.ഐ.എച്ച്.ആര്‍ നിയമലഘകരെ കണ്ടെത്താന്‍ നിരീക്ഷകരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
30,000 സ്ഥാപനങ്ങളാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. മൂന്നു മാസത്തില്‍ കൂടാത്ത തടവും 500 ദീനാറില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ.









