കാസര്‍കോട്: കോവിഡ് ബാധിച്ച് കേരളത്തില്‍ ഒരാള്‍ കൂടി മരണപ്പെട്ടു. കര്‍ണാടക ഹുബ്ലിയില്‍ നിന്നും വരുന്നതിനിടെ കാസര്‍കോട് വെച്ച് മരിച്ച മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബിഎം അബ്ദുള്‍ റഹ്മാനാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് മരിച്ച ഇദ്ദേഹത്തിന്റെ ട്രൂനാറ്റ് ഫലം പോസിറ്റീവായിരുന്നു. അതിന് പിന്നാലെ നടത്തിയ പിസിആര്‍ ടെസ്റ്റിലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് രോഗമുണ്ടായത് കര്‍ണാടകയില്‍ നിന്നാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കേരളത്തില്‍ ആരുമായും ഇദ്ദേഹത്തിന് സമ്പര്‍ക്കമില്ലെന്നാണ് ഇതുവരെയുള്ള വിവരം.
രണ്ടു ദിവസം മുമ്പാണ് അബ്ദുള്‍ റഹ്മാനെ ആബുലന്‍സ് വഴി അതിര്‍ത്തിയായ തലപ്പാടിയിലെത്തിച്ചത്. പിന്നീട് ടാക്സിയില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ വെച്ച് മരിച്ച ശേഷം ഡോക്ടര്‍മാര്‍ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇദ്ദേഹത്തെ പരിശോധിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നാല് ജീവനക്കാരും ബന്ധുക്കളും നിരീക്ഷണത്തില്‍ പോയിരിക്കുകയാണ്. തുടര്‍ന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കുകയും ചെയ്തു.