മനാമ: ലൈസന്‍സ് പുതുക്കാന്‍ വൈകിയാല്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും പിഴ ഈടാക്കേണ്ടതില്ലെന്ന് ബഹ്‌റൈന്‍ പ്രധാനമന്ത്രി. സാധാരണയായി കാലാവധി അവസാനിച്ച ലൈസന്‍സ് പുതുക്കാത്തവര്‍ പിഴ നല്‍കേണ്ടതുണ്ട്. രാജ്യം നടത്തുന്ന കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാണ് ആരോഗ്യ പ്രവര്‍ത്തകര്‍. അതിനാല്‍ തന്നെ പലര്‍ക്കും ലൈസന്‍സ് പുതുക്കാന്‍ സാധിച്ചിട്ടില്ല.
ഫെബ്രുവരി മാസം മുതല്‍ ലൈസന്‍സ് പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക് പുതിയ ഉത്തരവ് ഗുണകരമാവും. പുതിയ സാഹചര്യത്തില്‍ ഇവരില്‍ നിന്ന് യാതൊരു പിഴയും വാങ്ങാതെ ലൈസന്‍സ് പുതുക്കി നല്‍കുമെന്ന് ഹിസ് റോയല്‍ ഹൈനസ് പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ വ്യക്തമാക്കി. കൊറോണ യുദ്ധമുഖത്ത് പോരാടുന്ന എല്ലാവരെയും ഈയവസരത്തില്‍ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.