ന്യൂഡല്‍ഹി: കോവിഡ് ചികിത്സക്കായി ഇനി സോറിയാസിസ് എന്ന ത്വക് രോഗത്തിന് നല്‍കുന്ന മരുന്ന ഉപയോഗിക്കാന്‍ അനുമതി. കോവിഡ് രോഗികളില്‍ ഗുരുതരമായ നിലയില്‍ ശ്വാസ തടസം അനുഭവപെടുന്നവര്‍ക്കാണ് സോറിയാസിസിന് നല്‍കുന്ന ‘ഇറ്റൊലൈസുമാബ്’ എന്ന മരുന്ന് നല്‍കുക. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് ചികിത്സക്കായി ഈ മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നല്‍കിയത്.
ആരോഗ്യനില വളരെ അതീവ അപകടത്തിലായ കോവിഡ് ബാധിതര്‍ക്ക് നിയന്ത്രിത രീതിയില്‍ മരുന്ന് നല്‍കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. അതേസമയം ഈ മരുന്ന് ഏത് രീതിയിലായിരിക്കും രോഗിയില്‍ മാറ്റങ്ങളുണ്ടാക്കുകയെന്നത് സംബന്ധിച്ച വ്യക്തമായ വിവരണങ്ങള്‍ പ്രസിദ്ധികരിച്ചിട്ടില്ല. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ വി.ജി സൊമാനിയാണ് പുതിയ നീക്കം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
കോവിഡ് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സൈറ്റോക്കിന്‍ റിലീസ് സിന്‍ഡ്രോമിന്റെ പ്രതിരോധത്തിനാണ് ഇറ്റൊലൈസുമാബ് നല്‍കുക. സൈറ്റോക്കിന്റെ ഉത്പാദനം വര്‍ധിക്കുന്നതിലൂടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെയാണ് അത് ബാധിക്കുക. ഇത് കോവിഡ് രോഗികളില്‍ കണ്ടെത്തിയതോടെയാണ് ഈ തീരുമാനം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിശ്ചലമാക്കാന്‍ സൈറ്റോക്കിന്‍ റിലീസ് സിന്‍ഡ്രോമിന് സാധിക്കും.
രോഗികളുടെ അനുമതി മുന്‍കൂറായി വാങ്ങിയ ശേഷമാവും ഈ മരുന്ന് ഉപയോഗിക്കുക. പള്‍മനോളജിസ്റ്റുകളും ഫാര്‍മക്കോളജിസ്റ്റുകളും എയിംസിലെ വിദഗ്ധരും പ്രസ്തുത മരുന്ന് പരീക്ഷിച്ചതായി ഡോ. സൊമാനി പറഞ്ഞു. ഇതിന്റെ ഫലം തൃപ്തികരമാതുകൊണ്ടാണ് മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.