സിഡ്നി: ആസ്ട്രേലിയയില്‍ യുവാവ് സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ സംഭവമാണിത്. കൊല്ലപ്പെട്ട യുവാവ് നോര്‍ത്ത് സിഡ്നിയിലെ വൂളി ബീച്ചില്‍ സര്‍ഫിങ് ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സ്രാവിന്റെ ആക്രമണത്തില്‍ യുവാവിന്റെ കാലുകള്‍ക്ക് ഗുരുതര പരിക്ക് ഏറ്റിരുന്നു.
സംഭവസ്ഥലത്ത് മറ്റു സര്‍ഫര്‍മാര്‍ എത്തി പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം എല്ലാവരെയും നടുക്കുന്നതായിരുന്നു എന്നും സ്‌കൂള്‍ അവധിയായതിനാല്‍ കൂടുതല്‍ ആളുകള്‍ ബീച്ചില്‍ എത്തുന്നുണ്ടെന്നും സ്ഥലത്തെ മേയര്‍ അറിയിച്ചു. അതേസമയം കഴിഞ്ഞ ശനിയാഴ്ച, ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്റ് തീരത്ത് ഒരു സ്രാവ് ആക്രമിച്ച് 20 കാരനായ സ്‌കൂബ ഡൈവര്‍ മരിച്ചിരുന്നു.
സ്രാവുകള്‍ ആക്രമണകാരികളാണെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാല്‍ അറിയപ്പെടുന്ന 375 ഇനം സ്രാവുകളില്‍ 30 ഇനത്തിലുള്ളവ മാത്രമേ മനുഷ്യരെ ആക്രമിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളൂ. വെള്ളസ്രാവ് (വൈറ്റ് ഷാര്‍ക്ക്), കടുവാസ്രാവ് (ടൈഗര്‍ ഷാര്‍ക്ക്), കാളസ്രാവ് (ബുള്‍ ഷാര്‍ക്ക്) എന്നീ മൂന്നിനം മാത്രമേ പ്രകോപനമില്ലാതെ മനുഷ്യനെ ആക്രമിച്ചതായി അറിവുള്ളൂ. ഭക്ഷണമാണെന്ന് തെറ്റിദ്ധരിച്ച് മനുഷ്യനെ ആക്രമിക്കുകയും, പിന്നീട് ഉപേക്ഷിച്ച് തിരിച്ചുപോവുകയുമാണ് പതിവ്.