മനാമ: ബഹ്‌റൈനില്‍ തിരികെയെത്താന്‍ മണിക്കൂറുകൾക്കുള്ളിൽ കേരളത്തില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തത് ആയിരത്തിലേറെ പ്രവാസികള്‍. കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ ബഹ്‌റൈനിലേക്ക് തിരികെയെത്താന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് കേരളീയ സമാജം അറിയിച്ചിരുന്നു.
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കുകളെ തുടര്‍ന്നും വിമാന സര്‍വീസുകളുടെ നിയന്ത്രണങ്ങള്‍ മൂലവും നാട്ടില്‍ നിരവധി പേരാണ് കുടുങ്ങിയിരിക്കുന്നത്. ഇവരെ തിരികെയെത്തിക്കാന്‍ സമാജത്തിന്റെ നേതൃത്വത്തില്‍ ശ്രമം പുരോഗമിക്കുകയാണ്. അവധിക്ക് നാട്ടില്‍ പോയവരും അടിയന്തിരമായി ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട് .
വിമാന സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ സമാജത്തിന്റെ നേതൃത്വത്തില്‍ 15 ഓളം ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് ബഹ്‌റൈനില്‍ നിന്നും നാട്ടിലേക്ക് പോയിട്ടുള്ളത്. സൗജന്യ യാത്ര വിമാനമുള്‍പ്പടെ വീണ്ടും വിമാനസര്‍വീസുകള്‍ നാട്ടിലേക്കുണ്ട്.
കേരളത്തില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായി ബഹ്‌റൈനിലെ വിവിധ മന്ത്രാലയങ്ങളുമായും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ഈ ഉദ്യമം എത്രയും പെട്ടെന്ന് സാധ്യമാവുമെന്നാണ് പ്രതീക്ഷയെന്നും സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപ്പിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും സംയുക്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ സമാജത്തിൻ്റെ www.bkseportal.com/inbound എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം.