മനാമ: ബഹ്‌റൈനിലെ സ്വകാര്യ സ്‌കൂളുകൾ സെപ്റ്റംബർ 16ന് തുറക്കും. സ്‌കൂളുകളിലെയും കിൻഡർഗാഡനുകളിലെയും അധ്യാപകർ സെപ്റ്റംബർ ഒന്നിന് ജോലിയിൽ തിരികെ പ്രവേശിക്കും. വിദ്യാർത്ഥികൾക്ക് 16നായരിക്കും ക്ലാസുകൾ ആരംഭിക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ ബഹ്റൈനിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരുന്നു. പിന്നാലെ സമ്മര്‍ അവധി കൂടി എത്തിയതോടെ സ്കൂളുകള്‍ക്ക് പതിവിലും കൂടുതല്‍ അവധി ദിനങ്ങള്‍ ലഭിച്ചു.
ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പൂർണമായും പാലിച്ച് വേണം സ്കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കാൻ. നേരിട്ടോ അല്ലെങ്കിൽ ഓൺലൈനായോ ക്ലാസുകൾ നടത്താൻ വിദ്യഭ്യാസ മന്ത്രാലയം അനുമതി നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ക്ലാസുകൾ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുവേണം ആരംഭിക്കാൻ. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ജാഫർ അൽ ഷെയ്ക്ക് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങുന്ന സർക്കുലർ സ്‌കൂൾ അധികൃതർക്ക് നൽകിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തോടെ രൂപപ്പെട്ട പ്രതിസന്ധി വിദ്യാർത്ഥികളുടെ ഭാവി ബാധിക്കാതിരിക്കാനുള്ള നീക്കങ്ങൾ വിദ്യഭ്യാസ മന്ത്രാലയത്തിന് കീഴിൽ പുരോഗമിക്കുകയാണ്.