മനാമ: പൊതുസ്ഥലങ്ങളിൽ മാസ്‌ക്ക് ധരിക്കാത്ത 10,866 പേർക്കെതിരെ നടപടി സ്വീകരിച്ചു. പബ്ലിക് സെക്യൂരിറ്റി അസി. ചീഫ് ഡോ. ബ്രിഗേഡിയർ ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ഖലീഫയാണ് ഈ വിവരം പുറത്തുവിട്ടത്. പൊതു സ്ഥലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ കോവിഡ് നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്താൻ നടത്തിയ പരിശോധനയിലാണ് 10,866 പേർക്കെതിരെ കേസെടുത്തത്. നാല് ഗവർണറേറ്റുകളിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയിരുന്നത്. കാപിറ്റൽ ഗവർണറേറ്റ് -2096, ഉത്തര ഗവർണറേറ്റ് -2643, മുഹറഖ് ഗവർണററേറ്റ് -2989, ദക്ഷിണ ഗവർണറേറ്റ് -1808 പേരുമാണ് മാസ്‌ക്ക് ധരിക്കാതെ നിയമം ലംഘിച്ചവർ.
കോവിഡ് വ്യാപനത്തെ തടയാനായി മാസ്‌ക്ക് ധരിക്കുന്നത് നിർബന്ധമാക്കാൻ ബോധവൽക്കരണ പരിപാടികൾ തുടർന്നു കൊണ്ടിരിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടുന്നത് ഒഴിവാക്കുകയും സമൂഹ വ്യാപനം തടയാനും വേണ്ട അവബോധം ജനങ്ങൾക്ക് നൽകുന്നുണ്ട്. കൂടാതെ ആരോഗ്യ അവബോധവും, സുരക്ഷ നടപടികളുടെ പ്രാധാന്യവും ജനങ്ങളിൽ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിചേർത്തു.