മനാമ: ജൂലൈ 21 മുതല്‍ ബഹ്റൈന്‍ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ കോവിഡ് ടെസ്റ്റ് ചെലവ് വഹിക്കണം. ഏകദേശം ആറായിരം രൂപ (30 ദിനാര്‍) ആണ് പരിശോധനയ്ക്ക് ചിലവ് വരിക. എന്നാല്‍ സ്വദേശി, വിദേശ കോവിഡ് രോഗികള്‍ക്ക് സൗജന്യമായി നല്‍കിവരുന്ന ചികിത്സ തുടരുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ പൂര്‍ണമായും സൗജന്യമായി കോവിഡ് ചികിത്സ ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ചില സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ അനുമതിയോടെ രോഗികള്‍ക്ക് പണം നല്‍കി ചികിത്സ തേടാനും കഴിയുന്നതാണ്.
ബഹ്‌റൈനില്‍ എത്തുന്ന യാത്രക്കാര്‍ ‘ബി അവെയര്‍ ബഹ്‌റൈന്‍’ മൊബൈല്‍ ആപ്പിലുടെ ഇലക്‌ട്രോണിക് പെയ്മന്റ് സംവിധാനം ഉപയോഗിക്കുകയോ, അല്ലെങ്കില്‍ പണം നേരിട്ട് നല്‍കുകയോ ചെയ്യണം. ക്യാബിന്‍ ക്രൂ, നയതന്ത്ര തലത്തിലെ വ്യക്തികള്‍, മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എത്തുന്ന യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് ഫീസ് ആവശ്യമില്ല.
പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് വ്യക്തമായാലും വീട്ടുനിരീക്ഷണം അടക്കമുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടി വരും. നെഗറ്റീവ് ആകുന്ന യാത്രക്കാര്‍ 10 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണം. ഹോം ക്വാറന്റീന്‍ അവസാനിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് വീണ്ടും പരിശോധന നടത്തി വൈറസ് ബാധ ഉണ്ടായിട്ടില്ലെന്ന് ഉറപ്പ് വരുത്തണം. ഈ പരിശോധനയ്ക്കും സമാനരീതിയില്‍ 30 ദിനാര്‍ നല്‍കേണ്ടി വരും.