റിയാദ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇത്തവണ ഹജ്ജ് നിയമങ്ങള്‍ കടുപ്പിച്ച് സൗദി അറേബ്യ. അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവരില്‍ നിന്നും 10,000 റിയാല്‍ പിഴ (ഏകദേശം 2,00,499 ഇന്ത്യന്‍ രൂപ) ഈടാക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇത്തവണ നിയന്ത്രിതമായി മാത്രമാണ് ഹജ്ജ് നടക്കുക. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്ത സൗദിയിലുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും മാത്രമാണ് അവസരം. ഹജ്ജിന് അവസരം ലഭിച്ചവരുടെ പട്ടിക ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ അധികൃതരുട മുന്‍കൂര്‍ അനുമതി പത്രം ഇല്ലാതെ വരുന്നവരില്‍ നിന്നും 10,000 റിയാല്‍ പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും അനുമതിയില്ലാതെ എത്തുന്നത് തടയാന്‍ കര്‍ശന നിരീക്ഷണ സംവിധാനമൊരുക്കുമെന്നും സൗദി വ്യക്തമാക്കിയിട്ടുണ്ട്. ദുല്‍ഖഅദ് 28 മുതല്‍ ദുല്‍ഹജ്ജ് 10 വരെ പുണ്യസ്ഥലങ്ങളിലേക്ക് നിയന്ത്രിതമായി മാത്രമെ പ്രവേശനമുണ്ടാകു. അനുമതി പത്രം ഇല്ലാത്തവര്‍ക്ക് പ്രസ്തുത സ്ഥലങ്ങളിലേക്ക് പ്രവേശനവും ഉണ്ടാകില്ല.