മനാമ: അണുവിമുക്തമാക്കല്‍ നടപടികള്‍ക്കായി 5,501 വളണ്ടിയേഴ്‌സിന് വിദഗദ്ധ പരിശീലനം നല്‍കി ബഹ്‌റൈന്‍ സിവില്‍ ഡിഫന്‍സ്. രാജ്യത്താകെ 1,118 അണുവിമുക്ത പ്രവര്‍ത്തനങ്ങളാണ് പരിശീലനം ലഭിച്ച വളണ്ടിയേഴ്‌സ് ഇതുവരെ നടത്തിയത്. കോവിഡിനെതിരെയുള്ള പോരാട്ടത്തിനായി രാജ്യമൊട്ടാകെ വിപുലമായ അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ വളണ്ടിയേഴ്‌സിന്റെ നേതൃത്വത്തില്‍ തുടരും. സിവില്‍ ഡിഫന്‍സിന്റെ ഡയറക്ടര്‍ ജനറല്‍ കേണല്‍ അലി മുഹമ്മദ് അല്‍ ഹൂട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
344 പരിശീലന കോഴ്സുകളാണ് സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ 1030 തൊഴിലാളികള്‍ക്കും 858 പള്ളികള്‍ക്കും ആരാധനാലയങ്ങള്‍ക്കും വേണ്ടിയാണ് ഈ പരിശീലന കോഴ്സുകളെന്ന് കേണല്‍ അറിയിച്ചു്. കോവിഡ് വ്യാപനം തടയുന്നതിനുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കാന്‍ സഹായിച്ച അധികാരികള്‍ക്കും, കമ്പനികള്‍ക്കും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഡയറക്ടര്‍ ജനറല്‍ നന്ദി രേഖപ്പെടുത്തി.