ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ 28,498 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 9,06,752 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 553 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണസംഖ്യ 23,727 ആയി ഉയര്‍ന്നിട്ടുണ്ട്.
3,11,565 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 5,71,460 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ജൂലൈ 13 വരെ 1,20,92,503 സാമ്പിളുകളാണ് പരിശോധിച്ചത്. 2,86,247 സാമ്പിളുകള്‍ ഞായറാഴ്ച പരിശോധിച്ചു. 2.60 ലക്ഷം കോവിഡ് കേസുകളാണ് ഹോട്‌സ്‌പോട്ടായ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികള്‍ ആശാവഹമല്ല. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് മുന്നില്‍.
അതേസമയം കേരളത്തില്‍ ഇന്നലെ 449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 162 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇന്നലെ രണ്ട് പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്.