ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ തോതില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 38,902 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 10,77,618 ആയി. ഇന്നലെ മാത്രം 543 പേര്‍ മരണപ്പെട്ടു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 26,816 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.
രോഗവ്യാപന തോത് ഇനിയും ഉയര്‍ന്നാല്‍ പ്രതിദിന രോഗികളുടെ എണ്ണം ഉടനെ 40,000 കടക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 6,77,423 പേര്‍ രാജ്യത്ത് രോഗമുക്തരായി. 1,37,91,869 കോവിഡ് പരിശോധനകളാണ് രാജ്യമൊട്ടാകെ ഇതുവരെ നടത്തിയത്. കൂടാതെ 358,127 പുതിയ സാംപിളുകള്‍ ശനിയാഴ്ച്ച (ജൂലൈ 18) പരിശോധനക്കയച്ചിട്ടുണ്ട്.
ഇന്ത്യയിലെ പ്രധാന കോവിഡ് കേന്ദ്രമായ മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്. ഇന്നലെ സംസ്ഥാനത്ത് 8,348 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 3,00,937 ലക്ഷമായി. മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം 1 ലക്ഷം കടന്നു. തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും പ്രതിദിനം നാലായിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആന്ധ്രപ്രദേശില്‍ 3900 കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാളില്‍ പ്രതിദിന രോഗബാധ രണ്ടായിരം കടന്നു. ബിഹാറിലും ഉത്തര്‍പ്രദേശിലും രണ്ടായിരത്തിനടുത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഡല്‍ഹിയിലെ പ്രതിദിന കണക്കുകളില്‍ ഒരാഴ്ച്ചയായി കുറവുണ്ട്. ഇന്നലെ ആയിരത്തി അഞ്ഞൂറില്‍ താഴെ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം കേരളത്തില്‍ ഇന്നലെ (ജൂലൈ 18) 593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 173 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 28 പേര്‍ക്ക് വീതവും, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള 26 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും ആണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 364 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചതോടെ കേരളത്തിലെ മരണനിരക്ക് 42 ആയി.