മനാമ: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അറവുശാലകളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാവും. ബഹ്റൈന്‍ മുനിസിപ്പാലിറ്റി അഫയേഴ്‌സും നഗരാസൂത്രണ മന്ത്രാലയവുമാണ് ഈ വിവരം അറിയിച്ചത്. അനുവാദം ലഭിച്ച അറവുശാലകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ 4115 പേരാണ് ബഹ്റൈനില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 51 പേരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. 124 പേര്‍ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. 31765 പേര്‍ കോവിഡില്‍ നിന്ന് മുക്തി നേടുകയും ചെയ്തു. കോവിഡിനെതിരെ വിപുലമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ബഹ്റൈന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 717723 പേരുടെ സാംപിളുകളാണ് ഇതുവരെ രാജ്യത്ത് പരിശോധനക്ക് വിധേയമാക്കിയത്.